26 വര്‍ഷം സൂക്ഷിച്ച ബീജത്തിൽ നിന്ന് കുഞ്ഞുപിറന്നു

ഹോച്കിന്‍ ലിംഫോമ എന്ന അസുഖം ബാധിച്ച പീറ്റര്‍ ഹിക്ലിസിൻ ഭാവിയില്‍ വന്ധ്യത പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് വർഷങ്ങൾക്ക് മുമ്പ് ബീജങ്ങള്‍ ശേഖരിക്കുകയും തണുപ്പിച്ചു സൂക്ഷിക്കുകയും ചെയ്തത്. നീണ്ട 26 വര്‍ഷങ്ങള്‍ക്കു ശേഷം ആ ബീജങ്ങള്‍ ഉപയോഗിച്ച് പീറ്റര്‍ പിതാവായിരിക്കുന്നു. പതിറ്റാണ്ടുകള്‍ സൂക്ഷിച്ചു വെച്ച ബീജങ്ങളില്‍ നിന്നും മനുഷ്യ കുഞ്ഞുങ്ങളുണ്ടാവുമെന്ന് തെളിയിക്കുകയാണ് പീറ്റര്‍ ഹിക്ലിസിന്‍റെ അനുഭവം. 

21–ാം വയസില്‍ എടുത്തു സൂക്ഷിച്ച ബീജത്തില്‍ നിന്നും 47–ാം വയസില്‍ പിതാവാവുകയെന്ന അപൂര്‍വ അനുഭവമാണ് പീറ്റര്‍ ഹിക്ലിസിനുണ്ടായിരിക്കുന്നത്. ഏറ്റവും നീണ്ടകാലം ബീജം സൂക്ഷിച്ചു വെച്ച ശേഷം പിതാവാകുന്നതിന്‍റെ റെക്കോഡും ഇതുവഴി പീറ്ററിന് സ്വന്തമായിരിക്കുകയാണ്. തന്‍റെ ബീജം എടുത്തപ്പോള്‍ പത്ത് വര്‍ഷത്തോളം പരമാവധി സൂക്ഷിക്കാനാകുമെന്നാണ് കരുതിയിരുന്നതെന്നും പീറ്റര്‍ പറയുന്നു. 

മനുഷ്യ ബീജം സൂക്ഷിച്ചുവെക്കുന്നതിന് കാലപരിധി പല രാജ്യങ്ങളിലുമുണ്ട്. എന്നാല്‍, അങ്ങനെ പരിധി നിശ്ചയിക്കുന്നതിന് വൈദ്യശാസ്ത്രപരമായി ന്യായങ്ങളില്ലെന്നാണ് ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ആന്‍ഡ്രോളജി പ്രൊഫസര്‍ അലന്‍ പാകേ പറയുന്നത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ പോലും ഇത്തരത്തില്‍ പുരുഷബീജം ശീതീകരിച്ച് സൂക്ഷിക്കാനാകും. വര്‍ഷം കൂടുന്നതിന് അനുസരിച്ച് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും കുട്ടികള്‍ക്കെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

അതേസമയം, ഇങ്ങനെ ബീജം സൂക്ഷിച്ചുവെച്ച് കുഞ്ഞുങ്ങളുണ്ടാവുന്നതിലെ ആശങ്കകള്‍ പലരും പങ്കുവെക്കുന്നുമുണ്ട്. തലമുറകളുടെ വ്യത്യാസത്തില്‍ മൂന്നോ നാലോ പതിറ്റാണ്ടുകള്‍ക്കു ശേഷം സഹോദരങ്ങള്‍ പിറക്കാനിടയുണ്ട്. ഇനി ബീജം ദാനം ചെയ്തതാണെങ്കില്‍ വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ പിറക്കുന്ന കുട്ടികളുടെ ജീവശാസ്ത്രപരമായ പിതാവ് മരിച്ചുപോവാന്‍ പോലുമുള്ള സാധ്യത ഏറെയാണ്. 250 വര്‍ഷം മുമ്പുള്ള ബീജം ഉപയോഗിച്ച് കുഞ്ഞുങ്ങളുണ്ടായാല്‍ ഈ കുഞ്ഞുങ്ങള്‍ക്ക് നിരവധി തലമുറകളുടെ ജനിതക മാറ്റങ്ങള്‍ കൈമോശം വരാനും സാധ്യതയുണ്ട്. എങ്കിലും ഇത് അല്‍പം കടന്ന ആശങ്കയാണ്. കാരണം 1950കളിലാണ് ബീജം സൂക്ഷിച്ചുവെക്കുന്ന സാങ്കേതികവിദ്യ ആരംഭിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *