മുഷിഞ്ഞ വസ്ത്രവും നിറവുമെല്ലാം ഇന്നും പലർക്കും അസഹിഷ്ണുത ഉണ്ടാക്കുന്നു എന്നതാണ് നമ്മൾ കഴിഞ്ഞ ദിവസം കണ്ണൂർ തലശ്ശേരിയിൽ നിന്ന് കണ്ടത്. വെളുത്ത കാറിൽ ചാരി നിന്നതിനാണ് ബുധനാഴ്ച രാത്രി 8.30ന് രാജസ്ഥാൻ സ്വദേശിയായ ഗണേഷിനെ ഷിനാദ് എന്ന ഇരുപത് വയസ്സുകാരൻ മർദിച്ചത്. ഒന്ന് മാറി നിൽക്കാൻ പറഞ്ഞാൽ മാറി പോവുമായിരുന്ന കുട്ടിയെ ഇത്ര ക്രൂരമായി മർദിക്കാൻ ആ ഇരുപത് വയസ്സുകാരനെ തോന്നിപ്പിച്ചത് അവന്‍റെയുള്ളിൽ മായതെ കിടക്കുന്ന കറുപ്പാണ്. ആരും ചോദിക്കാനില്ലാത്തവരെ എന്ത് ചെയ്താലും കുഴപ്പമില്ലെന്ന തോന്നലാണ് അയാളെ കൊണ്ട് ഇങ്ങനെയെല്ലാം ചെയ്യിപ്പിച്ചത്. എന്നാൽ ഇത്രയും ക്രൂരമായൊരു സംഭവം നടന്നിട്ടും അതിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്ത് വന്നതിന് പിന്നാലെ മാത്രമാണ് നമ്മുടെ പൊലീസ് സംവിധാനം ഉണർന്ന് പ്രവർത്തിച്ചതും പ്രതിയെ അറസ്റ്റ് ചെയ്തതും.
വെള്ളിയാഴ്ച രാവിലെ 7.10നാണ് ഏഷ്യാനെറ്റ് ന്യൂസ്, തലശ്ശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ആറുവയസ്സുകാരൻ അനുഭവിച്ച ക്രൂര മർദനത്തിന്‍റെ വാർത്ത പുറത്ത് വിടുന്നത്. തലേദിവസം രാത്രി നടന്ന സംഭവം, ആ സ്ഥലത്തുണ്ടായിരുന്നു ഒരു അഭിഭാഷകനാണ് ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ അറിയിക്കുന്നത്. എന്നാൽ സംഭവം സ്റ്റേഷനിൽ അറിയിച്ചെന്നും വാഹനം കസ്റ്റഡിയിലെടുത്ത് പ്രതിയെ പൊലീസ് വിട്ടയച്ചെന്നായിരുന്നു നൗഫലിന് ലഭിച്ച വിവരം. രാത്രി തന്നെ പൊലീസിനെ വിളിച്ച് പ്രതിക്കെതിരെ നടപടിയെടുത്തോ എന്ന് ചോദിച്ചെങ്കിലും രാവിലെ വിളിക്കാൻ പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു തലശ്ശേരി പൊലീസ്. പൊലീസിന്‍റെ ഈ വീഴ്ച അടക്കമാണ് വെള്ളിയാഴ്ച രാവിലെ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തത്. 7.10ന് നമസ്തേ കേരളത്തിൽ വാർത്ത പുറത്ത് വിട്ടു. തുടർന്ന് നമസ്തേ കേരളത്തിലുടനീളം ഈ വാർത്തയ്ക്ക് പ്രാധാന്യം നൽകി. വാർത്ത പുറത്ത് വന്ന് 45 മിനിറ്റിന് ശേഷം അത് വരെ ഉറങ്ങിപോയ പൊലീസ് സേന സടകുടഞ്ഞെഴുന്നേറ്റു. പ്രതിയെ അറസ്റ്റും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ഈ വാർത്ത പുറത്ത് വന്നത് കൊണ്ട് മാത്രമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തതും ആറ് വയസ്സുകാരന് നീതി ലഭ്യമായതും. അല്ലെങ്കിൽ ആരുമറിയാതെ ഈ കേസ് പൊലീസ് ഒതുക്കി തീർത്തേനേ….മാധ്യമങ്ങൾ വാർത്ത ലോകത്തെ അറിയിക്കുമ്പോൾ മാത്രമല്ല, നീതി നടപ്പാക്കാനായി എപ്പോഴും ജാകരൂകരാകണം നമ്മുടെ പൊലീസ് സേന. എന്തായാലും ഒരു ആറ് വയസ്സുകാരന് നീതി നടപ്പാക്കി നൽകിയ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രവർത്തി പ്രശംസനീയമാണ്.