അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായ സ്ഥിതിയാണ് രാജ്യതലസ്ഥനമായ ഡല്‍ഹിയില്‍. എയർ ക്വാളിറ്റി ഇൻഡക്സ് 600 കടന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. ഈ സഹചര്യത്തില്‍ മുമ്പ് ഡല്‍ഹിയില്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്ന ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണം തിരിച്ചുകൊണ്ടുവരുന്നതും ആലോചനയിലുണ്ട്. ഈ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച നടത്തും.
മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് വലിയ വാഹനങ്ങള്‍ വിലക്കിയിരുന്നെങ്കിലും പുതിയ നിര്‍ദേശം അനുസരിച്ച് കാറുകള്‍, എസ്.യു.വികള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഡീസല്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ എയര്‍ ക്വാളിറ്റി മന്ത്രിലയത്തിന്റേതാണ് ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുള്ള നിര്‍ദേശം.
ബി.എസ്.3, ബി.എസ്.4 എമിഷന്‍ സ്റ്റാന്റേഡിലുള്ള വാഹനങ്ങള്‍ക്കാണ് നിരോധനം ബാധകമാകുക. ബി.എസ്-6 നിലവാരത്തിലുള്ള ഡീസല്‍ വാഹനങ്ങള്‍ തുടര്‍ന്നും നിരത്തുകളില്‍ ഇറക്കാം. സി.എന്‍.ജിയില്‍ ഓടുന്ന വാഹനങ്ങളെയും അവശ്യ സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമാകില്ലെന്നാണ് വിലയിരുത്തലുകള്‍. ഈ നിരോധനം ഡല്‍ഹി പരിധിയില്‍ ഉള്ളവയ്ക്കും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കും ബാധകമാണെന്നാണ് വിവരം.
ഡല്‍ഹിയിലും തലസ്ഥാന മേഖലയിലെ മറ്റു നഗരങ്ങളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വായുമലിനീകരണം കുറച്ചുകൊണ്ടുവരുന്നതിനുള്ള കര്‍മപദ്ധതിയുടെ അവസാനഘട്ടമെന്ന നിലയിലാണ് പുതിയ തീരുമാനം.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അത്യാവശ്യമല്ലാത്ത വാണിജ്യസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും ഒറ്റയക്ക-ഇരട്ടയക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ വാഹനഗതാഗതം നിയന്ത്രിക്കാനും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.