സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ. 13 റൺസിനാണ് ഹിമാചലിൻ്റെ ജയം. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹിമാചലിനു വേണ്ടി സുമീത് വർമ (51), ആകാശ് വസിഷ്ട് (43) എന്നിവർ ബാറ്റിംഗിലും ഋഷി ധവാൻ (25 റൺസിന് മൂന്ന് വിക്കറ്റ്) ബൗളിംഗിലും തിളങ്ങി. ശുഭ്മൻ ഗിൽ (32 പന്തിൽ 45) ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ.
ആദ്യ മൂന്ന് വിക്കറ്റുകൾ വേഗം നഷ്ടമായെങ്കിലും മധ്യനിരയുടെയും ലോവർ മിഡിൽ ഓർഡറിൻ്റെയും വിസ്ഫോടനാത്മക ബാറ്റിംഗാണ് ഹിമാചലിനെ മികച്ച സ്കോറിലെത്തിച്ചത്. സുമീത് വർമ 25 പന്തുകളിൽ 51 എടുത്തപ്പോൾ ആകാശ് വസിഷ്ട് ഇത്ര തന്നെ പന്തുകളിൽ നിന്ന് 43 റൺസ് നേടി. 16 പന്തുകളിൽ 27 റൺസ് നേടിയ പങ്കജ് ജയ്സ്വാളിൻ്റെ ഫിനിഷിംഗ് കൂടി ആയപ്പോൾ ഹിമാചൽ പ്രദേശ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 176 റൺസ് നേടി.
മറുപടി ബാറ്റിംഗിൽ പഞ്ചാബിനും ആദ്യ രണ്ട് വിക്കറ്റുകൾ വേഗം നഷ്ടമായി. തകർപ്പൻ ഫോമിലുള്ള ശുഭ്മൻ ഗില്ലിലായിരുന്നു പഞ്ചാബിൻ്റെ പ്രതീക്ഷ. ഗിൽ പ്രതീക്ഷ കാത്തെങ്കിലും 10ആം ഓവറിൽ പുറത്തായത് അവർക്ക് തിരിച്ചടിയായി. അന്മോൾപ്രീത് സിംഗ് 25 പന്തിൽ 30 റൺസെടുത്ത് മടങ്ങി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ മന്ദീപ് സിംഗ് (15 പന്തിൽ 29 നോട്ടൗട്ട്), രമൺദീപ് സിംഗ് (15 പന്തിൽ 29) എന്നിവർ പൊരുതിയെങ്കിലും വിജയിക്കാനായില്ല.