ജിഎസ്ടി ഏർപ്പെടുത്തിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന നികുതി വരുമാനം ഒക്ടോബറിൽ. 1.51 ലക്ഷം കോടി രൂപയാണ് വരുമാനം. തുടർച്ചയായി എട്ടാം മാസമാണ് വരുമാനം 1.4 ലക്ഷം കോടി രൂപ കടക്കുന്നത്. ജിഎസ്ടി തുടങ്ങിയ ശേഷം 1.5 ലക്ഷം കോടി രൂപയ്ക്കു മുകളിൽ വരുന്നത് രണ്ടാം തവണയാണ്. ഏപ്രിലിലായിരുന്നു റെക്കോർഡ് വരുമാനം, 1.67 ലക്ഷം കോടി രൂപ.
കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)– 26,039 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–33,396 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)–81,778 കോടി, സെസ്– 10,505 കോടി എന്നിങ്ങനെയാണ് വരുമാനം. 8.3 കോടി ഇ–വേ ബില്ലുകൾ സെപ്റ്റംബറിൽ ജനറേറ്റ് ചെയ്തു. ഓഗസ്റ്റില്‍ ഇത് 7.7 കോടിയായിരുന്നു.