മകനെ കാണാതായ അമ്മയുടെ ദുഃഖം മാസങ്ങൾക്ക് മുമ്പ് അനുപമയിലൂടെ മലയാളികൾ അറിഞ്ഞതാണ്. അന്ന് ആ വാർത്ത പുറത്തെത്തിച്ച ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ആഴ്ചയിൽ മറ്റൊരു അമ്മയുടെ ദുഃഖം പുറംലോകത്തെത്തിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ ടി.വി.പ്രസാദ് മകളെയും കൊച്ചുമകളെയും വർഷങ്ങളായി കാത്തിരിക്കുന്ന അമ്മയുടെ സങ്കടം ലോകത്തെ അറിയിച്ചത്.
തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശി വിദ്യയെയും മകളെയും കാണാതായിട്ട് 11 വർഷമായി. പങ്കാളിയും പൂവാർ സ്വദേശിയുമായ മാഹിൻ കണ്ണിനൊപ്പമാണ് വിദ്യയെ അവസാനമായി കണ്ടത്. കാണാതായതിന് പിന്നാലെ പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. വിദ്യയുടെ ഭർത്താവ് മാഹിൻ കണ്ണാണ് എല്ലാത്തിനും പിന്നിലെന്ന് വിദ്യയുടെ അമ്മയും അച്ഛനും പരാതി നൽകിയെങ്കിലും പരാതി പൊലീസ് സൗകര്യപൂർവം മറന്ന് കളഞ്ഞു.
മകളുടെ തിരോധാനത്തിന് പിന്നാലെയാണ് വിദ്യയുടെ അച്ഛൻ മരിക്കുന്നത്. മകൾ ജീവനോടെയുണ്ടോ, മരിച്ചോ എന്ന് പോലും വിദ്യയുടെ കുടുംബത്തിനറിയില്ല. നീതിക്കായി കാത്തിരിക്കുന്ന കുടുംബത്തിന് നീതി നടപ്പാക്കാൻ പൊലീസ് വിസമ്മതിച്ചപ്പോൾ 11 വർഷത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിലൂടെ ആ നീതി ലഭിക്കുകയാണ്. വിദ്യയുടെയും മകളുടെയും വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടതോടെ പ്രത്യേക അന്വേഷണസംഘത്തെ കേസിൽ നിയോഗിച്ചിരിക്കുകയാണ്. തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്പിയുടെ മേൽനോട്ടത്തിൽ പതിനാറംഗ സംഘമാണ് കേസ് അന്വേഷിക്കുക. വർഷങ്ങളായി പൊലീസ് ഒരു അന്വേഷണവും നടത്താതെ മടക്കിവച്ച കേസിനാണ് ഇപ്പോൾ അനക്കംവച്ചത്. വിദ്യക്കും കുഞ്ഞിനും സംഭവിച്ചതെന്തെന്ന് അന്വേഷണത്തിന് പിന്നാലെയറിയാം. ഏഷ്യാനെറ്റ് ന്യൂസ് അത് ലോകത്തെ അറിയിക്കും.