കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ

കോയമ്പത്തൂര്‍ സ്ഫോടനക്കേസ് എന്‍ഐഎ അന്വേഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. തമിഴ്നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. കഴിഞ്ഞ 23നാണ് കാറിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. സംഭവത്തിന് ഭീകരബന്ധമുണ്ടെന്ന് സംശയിക്കുന്ന തെളിവുകൾ ലഭിച്ചതോടെയാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.

പ്രതികളിൽ ഒരാളുടെ ഐഎസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയിരുന്നു. എന്‍ഐഎ സംഘം കോയമ്പത്തൂരിലെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. അതേസമയം, കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിൽ മരിച്ച സൂത്രധാരൻ ജമേഷ് മുബീന്‍റെ ബന്ധു അഫ്‌സ്ഖർ ഖാനെ അറസ്റ്റ് ചെയ്തു. ഓൺലൈനായി സ്ഫോടന വസ്തുക്കൾ ഓർഡർ ചെയ്തെന്ന് സംശയിക്കുന്ന ലാപ്ടോപ് പൊലീസ് അഫ്സ്ഖർ ഖാന്‍റെ വീട്ടിൽനിന്ന് പിടിച്ചെടുത്തു. ജമേഷ മുബീന്‍റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത എഴുപത്തിയാറര കിലോ സ്ഫോടകവസ്തു ചേരുവകൾ ഓൺലൈനായി വാങ്ങിയതാണെന്നാണു വിവരം. ഇതുവരെ 6 പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലർച്ചെ ടൗൺ ഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിൽ ഉക്കടം എച്ച്എംപിആർ സ്ട്രീറ്റിലെ ജമേഷ മുബിൻ (29) ആണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ജമേഷ മുബിനെയും പ്രതികളിൽ ചിലരെയും 2019ൽ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടത്തിയ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ സഹ്റൻ ഹാഷിമുമായി സമ്പർക്കം പുലർത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *