യുഎസ്ബി ടൈപ്പ്- സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുത്തിയുള്ള ഐഫോണുകള്‍ താമസിയാതെ പുറത്തിറക്കുമെന്ന് ആപ്പിള്‍. നിലവില്‍ ലൈറ്റ്നിങ് പോര്‍ട്ട് ഉള്ള ഐഫോണുകളാണ് കമ്പനി വില്‍പ്പനയ്ക്കെത്തിക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ ഭൂരിഭാഗം സ്മാര്‍ട്ഫോണ്‍ കമ്പനികളും ഉപയോഗിക്കുന്ന ടൈപ്പ് സി കേബിളുകള്‍ ഐഫോണുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.
2024-ഓടുകൂടി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും യുഎസ്ബി ടൈപ്പ്-സി സ്ലോട്ട് നിര്‍ബന്ധമാക്കിയുള്ള യൂറോപ്യന്‍ യൂണിയന്റെ നിയമം പാലിച്ച് കൊണ്ട് ഐഫോണും മാറുമെന്ന് ആപ്പിൾ എക്സിക്യൂട്ടീവ് അറിയിച്ചു.
ഇതിനകം തന്നെ മാക്ക് കംപ്യൂട്ടറുകളും വിവിധ ഐപാഡ് മോഡലുകളും ടൈപ്പ് സി പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് ആപ്പിള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളിലും 2024-ഓടുകൂടി ടൈപ്പ്-സി ചാര്‍ജിങ് ഉള്‍പ്പെടുത്തുമോ അതോ പുതിയ ഉപകരണങ്ങളില്‍ മാത്രമാണോ ഉണ്ടാവുക എന്ന് വ്യക്തമല്ല.