കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ ജയിൽ മോചിതനായി. തിരുവനന്തപുരം നെട്ടുകാൽത്തേരി ജയിലിൽനിന്നാണ് 22 വർഷത്തെ ജയിൽവാസത്തിനുശേഷം മണിച്ചൻ പുറത്തിറങ്ങിയത്. ശിക്ഷ റദ്ദാക്കി ബുധനാഴ്ച സുപ്രീംകോടതി ഉത്തരവ് ഇറക്കിയിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ഇന്നലെ മണിച്ചന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. മഞ്ഞ ഷാൾ അണിയിച്ചാണ് സുഹൃത്തുക്കള്‍ മണിച്ചനെ സ്വീകരിച്ചത്.
2000 ഒക്ടോബർ 21നാണ് കല്ലുവാതുക്കൽ മദ്യ ദുരന്തം ഉണ്ടായത്. ഹയറുന്നീസയെന്ന മദ്യവിതരണക്കാരി വിതരണം ചെയ്ത വ്യാജമദ്യം കുടിച്ച് 31 പേരാണ് മരിച്ചത്. മണിച്ചൻ നൽകിയ ചാരായം ഉപയോഗിച്ചതിനെ തുടർന്നാണ് ദുരന്തമുണ്ടായത്. അപകടമുണ്ടായി 35 ദിവസത്തിനുശേഷം നാഗർകോവിലിൽനിന്നാണ് മണിച്ചനെ അറസ്റ്റു ചെയ്തത്. ഹയറുന്നീസ, മണിച്ചന്റെ സഹോദരന്മാരായ വിനോദ്, കൊച്ചനി എന്നിവര്‍ ഉള്‍പ്പെടെ 26 പ്രതികളെ 2002 ജൂലായില്‍ കൊല്ലം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചു. മണിച്ചനടക്കം 13 പര്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. മണിച്ചന് 30.45 ലക്ഷം രൂപ പിഴയും ചുമത്തി. ശിക്ഷാകാലാവധി ആജീവനാന്തമാണെന്നും കോടതി വിധിച്ചു. 2004 ഒക്ടോബറില്‍ മണിച്ചനടക്കം എട്ടുപേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. അഞ്ചുപേര്‍ക്ക് ഇളവുനല്‍കി.
2009 മാര്‍ച്ചില്‍ ഒന്നാം പ്രതി ഹയറുന്നീസ കരള്‍രോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2011 ഏപ്രിലില്‍ മണിച്ചന്റെ ജീവപര്യന്തം സുപ്രീംകോടതിയും ശരിവെച്ചു. മണിച്ചന്റെ മദ്യക്കച്ചവടത്തില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പങ്കുപറ്റിയെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയുംചെയ്തു.
2017 ഫെബ്രുവരിയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കൊപ്പം മണിച്ചനും ശിക്ഷയിളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വിവാദമായതോടെ ഉപേക്ഷിച്ചു. 2020 ഏപ്രിലില്‍ മണിച്ചനടക്കം 33 തടവുകാരെ വിട്ടയക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കയച്ചു. 2020 ജൂണ്‍ 13-ന് മണിച്ചന്റെ മോചനത്തിന് ഗവര്‍ണര്‍ അനുമതിനല്‍കി. നഷ്ടപരിഹാരത്തുക കെട്ടിവെക്കാത്തതിനെത്തുടര്‍ന്നാണ് ജയില്‍മോചനം വൈകിയത്. . മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് മോചനം സാധ്യമായത്. പിഴയായി വിധിച്ച 30.45 ലക്ഷം രൂപ ഈടാക്കാതെ തന്നെ ഉടൻ മോചിപ്പിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്.