2025ഓടെ ഡൽഹിയിലെ 80 ശതമാനം ബസുകളും ഇലക്ട്രിക് ബസുകളാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം കുറയ്ക്കുന്നതിനാണ് നടപടി. 2023ലും 2025ലും 1500 ബസുകൾ വീതം വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
“ഡൽഹിയിൽ ഇപ്പോൾ 300 ഇലക്ട്രിക് ബസുകളുണ്ട്. ഡൽഹിയിൽ ആകെ 7379 ബസുകളാണ് ഉള്ളത്. പുതിയ ബസുകൾ കുറേ കാലമായി വാങ്ങിയിട്ടില്ല. അതിൻ്റെ പേരിൽ വിമർശനങ്ങളുണ്ട്. 4000 ബസുകൾ ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനും ബാക്കി ബസുകൾ ഡിഐഎംടിഎസുമാണ് നിയന്ത്രിക്കുന്നത്. ഡൽഹി മെട്രോയുടെ വക 100 ഫീഡർ ബസുകളുണ്ട്. 2025ഓടെ ആകെ 10,000 ബസുകൾ ഡൽഹിയിലുണ്ടാവും. അതിൽ 80 ശതമാനവും ഇലക്ട്രിക് ബസുകളാവും. ഡിപ്പോകളിൽ ചാർജിങ്ങ് പോയിൻ്റുകൾ സ്ഥാപിക്കും. ജൂണിൽ 17 ബസ് ഡിപ്പോകളിലും ഡിസംബറിൽ 36 ഡിപ്പോകളിലും ചാർജിങ്ങ് പോയിൻ്റുകൾ സ്ഥാപിക്കും.”- കേജ്രിവാൾ പറഞ്ഞു.