പട്ന : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം 18നു പട്നയിൽ ചേരും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് യോഗത്തിനായി മുൻകയ്യെടുക്കുന്നത്. ബിഹാർ മഹാസഖ്യത്തിന്റെ ഭാഗമായ ആർജെഡി, കോൺഗ്രസ്, ഇടതു പാർട്ടികൾക്കു പുറമേ വിവിധ സംസ്ഥാനങ്ങളിലെ പ്രബല പ്രാദേശിക പാർട്ടികളുടെ നേതാക്കളെയും യോഗത്തിലേക്കു ക്ഷണിക്കും.
ബിഹാറിലെ മഹാസഖ്യ മാതൃകയിൽ ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനാണ് നിതീഷ് കുമാറിന്റെ ശ്രമം.മഹാരാഷ്ട്രയിൽനിന്ന് എൻസിപി നേതാവ് ശരദ് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും യോഗത്തിൽ പങ്കെടുക്കും. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും യുപിയിൽ നിന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും യോഗത്തിനെത്തും.ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നിർദേശമനുസരിച്ചാണ് യോഗവേദി പട്നയിലാക്കിയത്.