ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും. 19 പ്രതിപക്ഷ പാര്‍ട്ടികളാണ് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുക.രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം.
കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ആംആദ്മി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു, ആര്‍ജെഡി, എന്‍സിപി, സമാജ്വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാ കോണ്‍ഗ്രസ് എം, ആര്‍എസ്പി, മുസ്ലിം ലീഗ്, ഡിഎംകെ, എംഡിഎംകെ, ആര്‍എല്‍ഡി, വിസികെ, ജെഎംഎം എന്നീ പാര്‍ട്ടികളാണ് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുക.
പ്രോട്ടോക്കോള്‍ ലംഘിച്ച് രാഷ്ട്രപതിയെ മാറ്റി നിര്‍ത്തുന്നത് രാജ്യത്തിന് അപമാനകരമാണെന്ന് ഡല്‍ഹിയില്‍ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്തയോഗം പ്രസ്താവനയിറക്കി. ആദിവാസി വനിത രാഷ്ട്രപതിയായതിന്റെ സന്തോഷം കെടുത്തുന്ന തീരുമാനമായി പോയെന്നും പ്രസ്താവനയില്‍ പറയുന്നു. യാതൊരു കൂടിയാലോചനകളുമില്ലാതെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത്. സവര്‍ക്കറുടെ ജന്മദിനത്തില് ഉദ്ഘാടനം നടത്തുന്നതിനെയും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.