ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന നീതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടുനിന്നത് 11 മുഖ്യമന്ത്രിമാർ. കേരളത്തിൽ നിന്നു പിണറായി വിജയൻ ഉൾപ്പടെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ നിന്നു വിട്ടു നിന്നത്.
ഡൽഹി, പഞ്ചാബ്, ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളാണ് യോഗം ബഹിഷ്‌കരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. ഡൽഹി സർക്കാരിന്റെ അധികാരം കവർന്നെടുക്കാൻ ഓർഡിനൻസ് ഇറക്കിയതിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുന്നു എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും യോഗത്തിൽ പങ്കെടുത്തില്ല. സംസ്ഥാനത്ത് കേന്ദ്ര സർക്കാർ വേണ്ട ത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നായിരുന്നു യോഗത്തിൽ പങ്കെടുക്കാതിരിക്കാൻ മൻ ഉന്നയിച്ച കാരണം.
മുൻ പ്രധാനമന്ത്രി നെഹ്‌റുവിന്റെ അനുസ്‌മരണ ചടങ്ങുകൾ സംസ്ഥാനത്ത് നടക്കുന്നതിനാൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തില്ല.യോഗം മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രം തയ്യാറായില്ലെന്ന് നിതീഷ് വിമർശിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. മറ്റ് തിരക്കുകൾ കാരണം മുഖ്യമന്ത്രിമാരായ കെ ചന്ദ്രശേഖര റാവു(തെലങ്കാന), പിണറായി വിജയൻ, എം കെ സ്‌റ്റാലിൻ(തമിഴ്‌നാട്), സിദ്ധരാമയ്യ (കർണാടക), നവീൻ പട്‌നായിക്(ഒഡീഷ) എന്നിവർ പങ്കെടുത്തില്ല. ആരോഗ്യകാരണങ്ങളാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും യോഗത്തിന് എത്തിയില്ല.
ബിജെപി മുഖ്യമന്ത്രിമാർക്ക് പുറമെ കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഭൂപേഷ് ബാഗേൽ, സുഖ്‌വീന്ദർ സിങ് സുഖു എന്നിവരും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും യോഗത്തിനെത്തി.