ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട എല്ലാ മോഡലുകൾക്കും വില കൂട്ടാൻ തീരുമാനിച്ചു. ജനുവരി മുതൽ വിവിധ മോഡലുകൾക്ക് 30,000 രൂപ വരെ വർധിപ്പിക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്തത്.
‘അസംസ്കൃത വസ്തുക്കളുടെ വില വർധന കണക്കിലെടുത്താണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. ജനുവരി 23 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. 30,000 രൂപ വരെ വില കൂട്ടാനാണ് തീരുമാനം’- ഹോണ്ട കാർസ് വൈസ് പ്രസിഡന്റ് കുനാൽ ഭേൽ പറഞ്ഞു.
അടുത്ത മാസം മുതൽ വിവിധ വാഹനങ്ങളുടെ വില കൂട്ടുമെന്ന് വിവിധ കാർ ബ്രാൻഡുകൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മാരുതി, ഹ്യുണ്ടേ, ടാറ്റ, ബെൻസ്, ഔഡി, കിയ, എംജി മോട്ടോർ തുടങ്ങിയവരുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹോണ്ടയും വരുന്നത്.
അതേസമയം, 2023 ഏപ്രിൽ മുതൽ വാഹനങ്ങൾ പുറന്തള്ളുന്ന പുക യഥാസമയങ്ങളിൽ പരിശോധിക്കാൻ ശേഷിയുള്ള ഉപകരണം വാഹനങ്ങളിൽ തന്നെ ഘടിപ്പിച്ചിരിക്കും. ഈ ഉപകരണം ഘടിപ്പിച്ച വാഹനങ്ങളായിരിക്കും പുതുതായി വിപണിയിൽ എത്തുക.