തിരൂർ: ഹോട്ടലുടമ സിദ്ദീഖിനെ കൊന്ന് വെട്ടിനുറുക്കി കൊക്കയിൽ തള്ളിയ കേസിലെ പ്രതികളെ ചോദ്യം ചെയ്തു തുടങ്ങി .ഇന്നലെ രാത്രിയാണ് ചെന്നൈയിൽ പിടിയിലായ പ്രധാന പ്രതികളെ തിരൂർ ഡിവൈ.എസ്.പി ഓഫീസിൽ എത്തിച്ചത് . ഇന്നുതന്നെ ഇവരെ കോടതിയില് ഹാജരാക്കുമെന്നാണ് സൂചന.
സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി ചളവറ സ്വദേശി ഷിബിലി (22), സുഹൃത്ത് ഫർഹാന (19) എന്നിവരെയാണ് എത്തിച്ചത്. ഇവരുടെ സുഹൃത്തായ വല്ലപ്പുഴ സ്വദേശി മുഹമ്മദ് ആഷിഖ് എന്ന ചിക്കുവിനെ (26) കഴിഞ്ഞ ദിവസം പാലക്കാട്ട് വച്ച് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 18ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ വച്ചാണ് ഒളവണ്ണ കുന്നത്തുപാലത്തെ ചിക് ബേക്ക് ഹോട്ടൽ ഉടമ മേച്ചേരി സിദ്ദീഖിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വെട്ടിമുറിച്ച് രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരം വളവിലെ കൊക്കയിൽ തള്ളുകയായിരുന്നു.
അരയ്ക്ക് മുകളിലുള്ള ഭാഗം ഒരുട്രോളിയിലും ശേഷിക്കുന്നവ മറ്റൊരു ട്രോളിയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് ഒമ്പതാം വളവിലെ കൊക്കയിൽ തള്ളിയത്. ഇന്നലെ രാവിലെ മലപ്പുറം എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിൽ ആഷിഖുമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. വ്യാഴാഴ്ച വൈകിട്ട് ഏഴിന് ജാർഖണ്ഡിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ചെന്നൈ എഗ്്മോർ സ്റ്റേഷനിൽ നിന്നാണ് ഷിബിലിയേയും ഫർഹാനയേയും പിടികൂടിയത്.
സിദ്ദീഖിന്റെ ഹോട്ടലിലെ സപ്ളയറായിരുന്നു ഷിബിലി. 15 ദിവസം മാത്രമാണ് ഇവിടെ ജോലി നോക്കിയത്. ഇതിനിടെ മറ്റ് തൊഴിലാളികൾ ഷിബിലിയുടെ പെരുമാറ്റ ദൂഷ്യത്തെപ്പറ്റി പരാതിപ്പെട്ടതോടെ 18ന് ഉച്ചയോടെ ശമ്പളം നൽകി കടയിൽ നിന്ന് ഒഴിവാക്കി. അരമണിക്കൂറിന് ശേഷം കടയിൽ നിന്ന് പുറത്തുപോയ സിദ്ദീഖിനെ പിന്നീട് കാണാതാവുകയായിരുന്നു.
22ന് സിദ്ദീഖിന്റെ മകൻ തിരൂർ പൊലീസിൽ പരാതി നൽകിയതെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മൃതദേഹം കൊണ്ടുപോകാൻ പ്രതികൾ ഉപയോഗിച്ച സിദ്ദീഖിന്റെ കാർ ചെറുതുരുത്തിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തിരൂർ കോരങ്ങോത്ത് പള്ളിയിൽ ഇന്നലെ രാത്രി 11.30 ഓടെ മൃതദേഹം കബറടക്കി.