ഹോസ്റ്റലില്‍ നിയമ വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മർദിച്ചു. ഹൈദരാബാദ് ഐ.സി.എഫ്.എ.ഐ. ബിസിനസ് സ്‌കൂളിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി ഹിമാങ്ക് ബന്‍സാലാണ് അതേ സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികളുടെ മര്‍ദനത്തിനിരയായത്. ഹിമാങ്കിനെ പന്ത്രണ്ടോളം പേർ ചേർന്ന് അടിക്കുകയും ചവിട്ടുകയും കൈകള്‍ വളച്ചൊടിക്കുകയും ചെയ്തു. അഞ്ചുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹിമാങ്ക് സാമൂഹിക മാധ്യമത്തില്‍ ഇട്ട കമന്‍റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ വിദ്യാര്‍ഥി പരാതി നല്‍കിയതോടെയാണ് പോലീസ് കേസെടുത്തത്. ട്രൗസര്‍ അഴിച്ചില്ലെങ്കില്‍ തല്ലിക്കൊല്ലുമെന്ന് വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയതായും ഹിമാങ്ക് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൃത്യത്തില്‍ ഏര്‍പ്പെട്ട 12 പേരെയും സസ്‌പെന്‍ഡ് ചെയ്തതായി ഐ.സി.എഫ്.എ.ഐ. അധികൃതര്‍ വ്യക്തമാക്കി.