ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ബാക്കിനിൽക്കെ കോൺഗ്രസിന് തിരിച്ചടിയായി 26 നേതാക്കൾ ബിജെപിയിൽ. പിസിസി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ട് ഉൾപ്പെടെയുള്ള നേതാക്കളാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപിയിൽ ചേർന്നത്.
ഹിമാചലിൽ ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേതാക്കളുടെ കൂടുമാറ്റം. മുഖ്യമന്ത്രി ജയറാം ഠാക്കൂർ, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള സുധൻ സിങ്, ഷിംലയിലെ ബിജെപി സ്ഥാനാർഥി സഞ്ജയ് സൂദ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപിയിൽ ചേർന്നത്.
കോൺഗ്രസ് വിട്ടെത്തിയ നേതാക്കളേയും പ്രവർത്തകരെയും മുഖ്യമന്ത്രി ജയറാം ഠാക്കൂർ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപിയുടെ ചരിത്ര വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.