സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ ഹജ്ജ് നയം. പുരുഷന്മാര്‍ കൂടെയില്ലെങ്കിലും 45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും ഹജ്ജിന് അപേക്ഷിക്കാം. മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ഹജ്ജ് കമ്മിറ്റി ഇവരെ ഗ്രൂപ്പുകളായി തിരിക്കും. അവിവാഹിതരായ സ്ത്രീകള്‍ക്കും ഇങ്ങനെ അപേക്ഷിക്കാം.
കേന്ദ്രത്തിന്‍റെ പുതിയ നയം തീര്‍ത്ഥാടകര്‍ക്ക് സാമ്പത്തിക ആശ്വാസവും നല്‍കുമെന്ന് ന്യൂനപക്ഷ കാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. പുതിയ നയത്തില്‍ അപേക്ഷാ ഫോമുകള്‍ സൗജന്യമാക്കിയിട്ടുണ്ട്. ഹജ്ജ് പാക്കേജ് ചെലവ് 50,000 രൂപയായി കുറച്ചു. നേരത്തെ ഇത് 400 രൂപയോളമായിരുന്നു. 1.75 ലക്ഷം ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ടയാണ് ഇന്ത്യക്ക് ഈ വര്‍ഷം അനുവദിച്ചിട്ടുള്ളത്.
ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ വിവേചനാധികാര ക്വാട്ടയും റദ്ദാക്കുകയും സാധാരണ പൗരന്മാരുടെ പ്രയോജനത്തിനായി ജനറല്‍ പൂളില്‍ ലയിപ്പിക്കുകയും ചെയ്യുമെന്ന് പുതിയ നയം പറയുന്നു. സൗദി അറേബ്യയുമായുള്ള കരാര്‍ പ്രകാരം ഈ വര്‍ഷം മുതല്‍ ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള മൊത്തം ക്വാട്ടയില്‍ 70:30 എന്ന അനുപാതത്തിന് പകരം 80 ശതമാനം ഹജ്ജ് കമ്മിറ്റിക്കും 20% സ്വകാര്യ ട്രാവല്‍ ഏജന്‍സിക്കും അനുവദിക്കും.
പുതിയ നയം അനുസരിച്ച് ബാഗ്, കുട, സ്യൂട്ട്‌കേസ് തുടങ്ങിയവയ്ക്കും ഇനി തീര്‍ത്ഥാടകര്‍ പണം നല്‍കേണ്ടതില്ല. അതേസമയം വിഐപികള്‍ക്ക് ഇനി സാധാരണ തീര്‍ത്ഥാടകരെ പോലെ ഹജ്ജ് നിര്‍വഹിക്കേണ്ടിവരും.
70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, ഈ വിഭാഗത്തിലുള്ളവര്‍ക്ക് ഹജ്ജിന് ഒരു സഹയാത്രികന്‍ കൂടി വേണം. ദമ്പതികള്‍ റിസര്‍വ്ഡ് വിഭാഗത്തിന് കീഴിലാണ് യാത്ര ചെയ്യുന്നതെങ്കിലും ഇരുവരും 70 വയസ്സിന് മുകളിലുള്ളവരാണെങ്കിലും രക്തബന്ധമുള്ള രണ്ട് പേരെ കൂടി അനുവദിക്കും.