നീതിന്യായ വ്യവസ്ഥയ്ക്കൊപ്പമുള്ള 37 വർഷം നീണ്ട ഓദ്യോഗിക യാത്ര അവസാനിപ്പിച്ച് ചീഫ് ജസ്റ്റിസ് യു യു ലളിത്. രാജ്യത്തിന്റെ 49ആമത് ചീഫ് ജസ്റ്റിസായി ആഗസ്റ്റ് 27നാണ് യു യു ലളിത് ചുമതലയേറ്റത്. 74 ദിവസം മാത്രമാണ് അദ്ദേഹം പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത്. യാത്രയയപ്പ് പരിപാടിയിൽ ചീഫ് ജസ്റ്റിസിന് ഒപ്പം ഡി വൈ ചന്ദ്രചൂഡ്, ബേലാ എം ത്രിവേദി എന്നിവരും പങ്കെടുത്തു. ഒന്നാം നമ്പർ കോടതിയിലാണ് അദ്ദേഹത്തിന്‍റെ തുടക്കം. ഇപ്പോൾ ഒന്നാം നമ്പർ കോടതിയിൽ വച്ചു തന്നെയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിട പറയുന്നത്.
വിരമിക്കുന്നത് തികഞ്ഞ സംതൃപ്തിയോടെ ആണെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് പറഞ്ഞു. സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാർക്കും ഭരണഘടനാ ബെഞ്ചിന്‍റെ ഭാഗമാകാൻ തുല്യ അവസരം ലഭിക്കണമെന്നും അതിനാൽ ആണ് താൻ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ പരമാവധി ഭരണഘടന ബെഞ്ച് രൂപീകരിച്ചത് എന്നും അദ്ദേഹം യാത്രയയപ്പ് പരിപാടിയിൽ പറഞ്ഞു. അതേസമയം ചീഫ് ജസ്റ്റിസ് ലളിത് കോടതിയിൽ തുടങ്ങി വച്ച പരിഷ്കരണങ്ങൾക്ക് തുടർച്ച ഉണ്ടാകുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.