സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനെതിരായ പ്രക്ഷോഭത്തിന് സർക്കാർ വഴങ്ങില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. അതേസമയം കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും നിലപാടെടുത്തു.
സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനം കാരണം ഭൂഉടമകൾക്ക് വായ്പ എടുക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേസുകൾ പിൻവലിക്കാൻ തയ്യാറാകണമെന്ന് പറഞ്ഞ റോജി എം ജോൺ എംഎൽഎ നോട്ടിഫിക്കേഷൻ മരവിപ്പിച്ച് ആശങ്ക പരിഹരിക്കണമെന്നും സഭയിൽ ആവശ്യപ്പെട്ടു.
നാടിന്റെ വികസനത്തിനെതിരായ പ്രക്ഷോഭത്തിന് സർക്കാർ വഴങ്ങില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ഏത് അനുമതി ലഭിച്ചാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.