തിരുവന്തപുരം മുതൽ കാസർകോട് വരെ 4മണിക്കൂർ കൊണ്ട് യാത്ര ചെയ്യാം. പിണറായി സർക്കാരിന്‍റെ രണ്ടാംവരവിൽ ഏറ്റവും അധികം കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതിയാണ് സിൽവർലൈൻ. പദ്ധതി തുടങ്ങിയത് മുതൽ പല തരത്തിലുള്ള എതിർപ്പുകൾ നേരിട്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് സർക്കാർ ആവർത്തിച്ചത്. എന്നാൽ ഇപ്പോഴിതാ സ്വപ്നപദ്ധതിയിൽ നിന്ന് മെല്ലെ തടിയൂരാൻ ശ്രമിക്കുകയാണ് സർക്കാർ. നേരത്തെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെ എതിർപ്പുകളെല്ലാം മറികടന്ന് മുന്നോട്ട് പോയ സർക്കാർ, തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ സിൽവർലൈൻ പദ്ധതിയെ പറ്റി ഒന്നും മിണ്ടാതെ വായപൊത്തി.
കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ലേഖിക സി.പി.അജിത സിൽവർലൈനിൽ നിന്ന് തത്ക്കാലം സർക്കാർ പിന്നോട്ട് നീങ്ങുന്നു എന്ന വാർത്ത പുറത്ത് വിട്ടത്. വാർത്തയ്ക്ക് പിന്നാലെ പദ്ധതി മരവിപ്പിച്ചില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും സർക്കാരും കെറെയിലും പ്രതികരിച്ചെങ്കിലും ഇപ്പോൾ പുറത്ത് വന്ന റവന്യൂ വകുപ്പ് ഉത്തരവ് ചൂണ്ടിക്കാണിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ശരി തന്നെ എന്ന് തന്നെയാണ്. വിവിധ ജില്ലകളിലേക്ക് സാമൂഹികാഘാത പഠനത്തിനും മറ്റുമായി വിന്യസിച്ച റവന്യൂ ഉദ്യോഗസ്ഥരെ മുഴുവൻ സർക്കാർ മടക്കി വിളിച്ചു. കേന്ദ്രാനുമതി പോലും കിട്ടാതെ നടപ്പിലാകുമോ എന്ന് യാതൊരു ഉറപ്പുമില്ലാതെ സർക്കാർ ഉദ്യോഗസ്ഥരെ വെറുതെ ശമ്പളം കൊടുക്കണ്ട എന്നാണ് സർക്കാർ തീരുമാനം.
സുപ്രധാനമായ ഈ വാർത്ത ലോകത്തിന് മുന്നിലെത്തിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ച് പദ്ധതിക്ക് സർക്കാർ തൽക്കാലത്തേക്ക് ഫുൾസ്റ്റോപ്പിട്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ മേഖലകളിൽ നിന്നും എതിർപ്പ് മാത്രമുണ്ടായ, ജനങ്ങളുടെ കണ്ണീര് വീഴ്ത്തിയ പദ്ധതിയിൽ നിന്ന് സർക്കാരിന്‍റെ പിൻമാറൽ ജനങ്ങളുടെ വിജയമാണ്. സുപ്രധാനമായ വാർത്ത പുറത്തെത്തിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൂടി വിജയമാണ്.