മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു – സാമ്പത്തിക തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ. സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണനയ്ക്ക് വരുമ്പോൾ തെളിവുകളുടെ വിശദാംശം ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും.സുധാകരനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നു നേരത്തെ തന്നെ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
മോൻസൺ മുഖ്യപ്രതിയായ തട്ടിപ്പുകേസിൽ രണ്ടാം പ്രതിയാണ് കെ. സുധാകരൻ. കേസിൽ രഹസ്യമൊഴി നൽകിയ വ്യക്തിയാണ് പ്രധാനസാക്ഷി. സംഭവദിവസം മോൻസണിന്റെ വീട്ടിൽ വച്ച് സുധാകരൻ പണം കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി. ഈ സാക്ഷിയുമായി മോൻസൺ ഡൽഹിക്ക് പോയതിനുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കേസിൽ സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.
സുധാകരന്റെ മദ്ധ്യസ്ഥതയിൽ താൻ 25 ലക്ഷം രൂപ മോൻസണിന് നൽകിയെന്ന് പരാതിക്കാരിൽ ഒരാളായ അനൂപിന്റെ മൊഴിയുണ്ട്. ഇതിൽ പത്ത് ലക്ഷം രൂപ സുധാകരന് അനൂപ് മടങ്ങിയ ഉടനെ തന്നെ കൈമാറുന്നത് കണ്ടെന്നാണ് മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും നൽകിയ മൊഴി.
ആരിൽ നിന്നും പണം നേരിട്ട് വാങ്ങാറില്ലെന്ന് മോൻസൺ മാവുങ്കൽ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു. എന്നാൽ പണം വാങ്ങുന്നതിന്റെ ദൃശ്യം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാണിച്ചപ്പോൾ ഓർമ്മയില്ലെന്ന് തിരുത്തി. വിയ്യൂർ ജയിലിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വൈ.ആർ. റസ്തത്തിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് മോൻസൺ ഉരുണ്ടുകളിച്ചത്.
കെ. സുധാകരന് പണം നൽകിയോയെന്ന ചോദ്യത്തിന് ഓർമ്മയില്ലെന്നായിരുന്നു മറുപടി. പുരാവസ്തുതട്ടിപ്പ് കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ മോൻസൺ അക്കൗണ്ടുവഴി പണം വാങ്ങാറില്ലെന്നാണ് കണ്ടെത്തിയത്. പലരിൽ നിന്നും കോടികൾ വാങ്ങിയെങ്കിലും മോൻസണിന്റെ അക്കൗണ്ടിൽ തുച്ഛമായ പണം മാത്രമാണ് ഉണ്ടായിരുന്നത്.