തമിഴ്‌നാട്ടില്‍ സഹപ്രവര്‍ത്തകയ്‌ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ ബി.ജെ.പി. നേതാവിന് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് ബി.ജെ.പി.യുടെ ഒ.ബി.സി. വിഭാഗം നേതാവ് തൃച്ചി സൂര്യ ശിവയെയാണ് വ്യാഴാഴ്ച പാര്‍ട്ടിയില്‍നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. മുതിര്‍ന്ന ഡി.എം.കെ. നേതാവും രാജ്യസഭാ എം.പി.യുമായ തൃച്ചി ശിവയുടെ മകനാണ് സൂര്യ ശിവ. 2022 മേയിലാണ് ഇയാള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത്.
ന്യൂനപക്ഷ നേതാവ് ഡെയ്‌സി സരണുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ശിവ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതിന്‍റെ ഓഡിയോ വലിയ തോതില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പാര്‍ട്ടി സൂര്യയോട് തിരുപ്പൂരിലെ ബി.ജെ.പി. ഓഫീസിലെ സമിതി മുന്‍പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ടു.
സൂര്യ ശിവയെ ആറുമാസത്തേക്ക് പാര്‍ട്ടിയുടെ എല്ലാ നേതൃപദവിയില്‍നിന്നും മാറ്റിനിര്‍ത്തുകയാണെ് ബി.ജെ.പി. നേതാവ് അണ്ണാമലൈ അറിയിച്ചു. തന്‍റെ പ്രവൃത്തിയിലൂടെ സൂര്യ പാര്‍ട്ടിയുടെ മാനം കെടുത്തിയെന്ന് പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ അണ്ണാമലൈ പറഞ്ഞു.
സൂര്യയുടെ പ്രവൃത്തി പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കി. അതിനാല്‍ത്തന്നെ ആറുമാസത്തേക്ക് പാര്‍ട്ടിയുടെ എല്ലാ നേതൃപദവികളില്‍നിന്നും സൂര്യയെ നീക്കംചെയ്യുകയാണ്. സൂര്യയുടെ പ്രവൃത്തിയില്‍ പ്രകടമായ മാറ്റംവരികയും നേതൃത്വത്തിന്‍റെ വിശ്വാസ്യത പിടിച്ചുപറ്റുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തെ വീണ്ടും തിരികെക്കൊണ്ടുവരും, അണ്ണാമലൈ വ്യക്തമാക്കി.