ഫുട്ബോള്‍ ലഹരിക്കെതിരെയുള്ള സമസ്ത നിലപാടിനെ വിമർശിച്ച് കെ.ടി ജലീല്‍. ഫുട്ബോള്‍ മാനവിക ഐക്യത്തിന്റെ വിളംബരമാണെന്നും നിയമാനുസൃതം മനുഷ്യര്‍ക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ലെന്നും ജലീല്‍ പറഞ്ഞു. ഫുട്ബോളിന്റെ പേരില്‍ നടക്കുന്ന ‘ധൂര്‍ത്ത്’ അന്യായവും ആത്മീയതയുടെ പേരില്‍ നടക്കുന്ന ‘ധൂര്‍ത്ത്’ ന്യായവുമാകുന്നതിലെ ‘യുക്തി’ ദുരൂഹമാണെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ജലീല്‍ പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫുട്ബോള്‍ ആവേശം പ്രതിഫലിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ജലീലിന്റെ പ്രതികരണം.
ജനങ്ങളെ പലതിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ലോകത്ത് നടക്കുന്നത്. അത്തരമൊരു ശപിക്കപ്പെട്ട കാലത്ത് മനുഷ്യനെ ഐക്യപ്പെടുത്തുന്നതെന്തും പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണ്. സാമ്രാജ്യത്വത്തിന്റെ പഴങ്കഥകള്‍ പൊടിതട്ടിയെടുത്ത് ജനമനസ്സുകളില്‍ അകല്‍ച്ച പടര്‍ത്താനല്ല ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടതെന്നും മാനവിക ഐക്യത്തിന്റെ സന്ദേശ പ്രചാരണത്തിന്റെ സാദ്ധ്യതകളേക്കുറിച്ചാണ് ഒരുമയോടെ ആരായേണ്ടതെന്നും ജലീല്‍ പറഞ്ഞു.
ധൂര്‍ത്തിന്റെ പേരിലാണ് ഫുട്ബോള്‍ ഭ്രമത്തെ ചിലര്‍ വിമര്‍ശിക്കുന്നത്. അങ്ങനെയെങ്കില്‍ വിവാഹ ധൂര്‍ത്തുകളും ആഢംബര വാഹനങ്ങളും കൊട്ടാരസമാന വാസഗൃഹങ്ങളും വിമര്‍ശന പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെടരുതല്ലോ? സമ്മേളന മാമാങ്കങ്ങളിലും നേര്‍ച്ചകളിലും ഉല്‍സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും ഉയരാറുള്ള ദീപാലംകൃതമായ കമാനങ്ങളും സംവിധാനങ്ങളും ആര്‍ഭാടത്തിന്റെ ഗണത്തില്‍ തന്നെയല്ലേ ഉള്‍പ്പെടുക? ഫുട്ബോളിന്റെ പേരില്‍ നടക്കുന്ന ‘ധൂര്‍ത്ത്’ അന്യായവും ആത്മീയതയുടെ പേരില്‍ നടക്കുന്ന ‘ധൂര്‍ത്ത്’ ന്യായവുമാകുന്നതിലെ ‘യുക്തി’ ദുരൂഹമാണെന്നും ജലീല്‍ പറഞ്ഞു.