ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി പുറത്തുവിട്ട ഡോക്യുമെന്‍ററിയിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും സത്യം ഒരുകാലത്ത് പുറത്തുവരുമെന്ന് രാഹുല്‍ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മുവില്‍ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭഗവത് ഗീതയും വേദങ്ങളും പരിശോധിച്ചാല്‍ ഒരു കാര്യം നമുക്ക് മനസ്സിലാകും. സത്യം എപ്പോഴും പുറത്തുവരും. മാധ്യമങ്ങളെ അടിച്ചമര്‍ത്താം, സ്ഥാപനങ്ങളെ നിയന്ത്രിക്കാം, സി.ബി.ഐ, ഇ.ഡി തുടങ്ങിയവയെല്ലാം ഇതിനായി ഉപയോഗിക്കാം’, രാഹുല്‍ വ്യക്തമാക്കി.
സത്യം തീവ്രമായി പ്രകാശിക്കുന്നതാണ്. എത്ര മൂടിവെച്ചാലും പുറത്തുവരികയെന്ന മോശം ശീലം അതിനുണ്ട്. ഒരുതരത്തിലുമുള്ള നിരോധനങ്ങളോ അടിച്ചമര്‍ത്തലുകളോ ഭീഷണികളോ കൊണ്ട് സത്യം പുറത്തുവരുന്നതിനെ തടയാനാവില്ല, അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്‍ററിയാണ് ബി.ബി.സി. കഴിഞ്ഞ ദിവസം സംപ്രേഷണംചെയ്തത്. എന്നാലിത് തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വീഡിയോ വിവിധ സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് നീക്കംചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, പരസ്യമായി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാനുള്ള നിരവധി സംഘടനകളുടെ ശ്രമം പലയിടങ്ങളിലും സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.