സതീശൻ പാച്ചേനി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്‍റുമായ സതീശന്‍ പാച്ചേനി(54) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കെഎസ്‍യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. കെഎസ്‍യു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ല്‍ കെഎസ്‍യു സംസ്ഥാന അധ്യക്ഷനായി.

അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചു. 2001ല്‍ മലമ്പുഴയില്‍ വിഎസിനോട് വെറും 4703 വോട്ടുകള്‍ക്ക് മാത്രമാണ് പരാജയപ്പെട്ടത്‌. 2006ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ നിയമസഭാ തെരഞ്ഞെടുപ്പിലും മലമ്പുഴയില്‍ സതീശന്‍ പാച്ചേനിയായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 2009ല്‍ സിപിഎം കോട്ടയായ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എംബി രാജേഷിനെതിരെ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടത് വെറും 1800ല്‍പ്പരം വോട്ടുകള്‍ക്ക് മാത്രമാണ്.

1996ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്നും, 2016,2021 വര്‍ഷങ്ങളില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. അവസാനം മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പുകളിലും കടന്നപ്പള്ളി രാമചന്ദ്രനാണ് പാച്ചേനിയെ നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *