ഷാരോൺ കൊലക്കേസ്: ഗ്രീഷ്മ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

പാറശ്ശാല ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഗ്രീഷ്മയെ 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. 7 ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ പ്രതിഭാഗം ശക്തമായി എതിർത്തു. മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത് എന്ന് കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. 

പാറശ്ശാല പൊലീസിന്‍റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വിഷം കൊടുത്തു  കൊന്നു എന്ന എഫ്ഐആർ പോലും പൊലീസിന്‍റെ പക്കലില്ല എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോൺ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്‍റെ മരണമൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്‍റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു. 

ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു, ജാമ്യാപേക്ഷ തള്ളി

അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നാണ് ഗ്രീഷ്മെയെ കോടതിയിലെത്തിച്ചത്. ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. നേരത്തെ, ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവൻ നിർമൽ കുമാറിനേയും കോടതി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യം ചെയ്യലിനായി കസ്റ്റഡിൽ വേണമെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിൻകര മജിസ്ട്രേറ്റിന്‍റെ നടപടി. ഇരുവരുടേയും ജാമ്യാപേക്ഷ തള്ളിയായിരുന്നു ഉത്തരവ്. മുഴുവൻ തെളിവെടുപ്പും വീഡിയോയിൽ ചിത്രീകരിക്കാനും കോടതി നിർദേശം നല്‍കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *