ശ്രീറാമിന് തിരിച്ചടി; നരഹത്യാ കുറ്റം ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

മാധ്യമപ്രവർത്തകൻ കെ.എം. ബഷീറെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണ നടപടികൾ രണ്ടാഴ്ചത്തേയ്ക്കു നിർത്തി വയ്ക്കാനും ഉത്തരവിട്ടു. നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജിയിലാണ് കോടതി നടപടി.  സർക്കാരിന്‍റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

കേസിലെ മുഖ്യ പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിടുതൽ ഹർജിയിലാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി നരഹത്യാക്കുറ്റം ഒഴിവാക്കിയത്. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നരഹത്യാകുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കാമെന്നു കോടതി വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ വിശദമായ വാദം കേൾക്കും.  നരഹത്യാകുറ്റം സംബന്ധിച്ച വിശദാംശങ്ങൾ കീഴ്ക്കോടതി പരിഗണിച്ചില്ലെന്നായിരുന്നു സർക്കാർ വാദം. 

മുഖ്യ പ്രതിക്കെതിരെ നരഹത്യയ്ക്കു തെളിവുകളുണ്ടെന്നും ശ്രീറാം ആദ്യ ഘട്ടത്തിൽ അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. നരഹത്യാ കുറ്റം നിലനിൽക്കുമെന്നു ഹൈക്കോടതി കണ്ടെത്തിയാൽ ഇതു കൂടി ചേർത്തു വിചാരണ നടത്തുന്നതിനാണ് വിചാരണ നടപടി നിർത്തി വച്ചിരിക്കുന്നത്.

നേരത്തേ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നിയമിച്ചെങ്കിലും പ്രതിഷേധമുണ്ടായതോടെ സപ്ലൈകോ ജനറൽ മാനേജരാക്കി നിയമിച്ചിരുന്നു. പ്രതികളുടെ മനപ്പൂർവമല്ലാത്ത നരഹത്യാ കേസ് കോടതി ഒഴിവാക്കിയതിനു പിന്നാലെ സർക്കാർ അപ്പീൽ നൽകണം എന്ന ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *