രാമക്ഷേത്രത്തെയും രാമജന്മഭൂമിയെയും കുറിച്ച് വിവാദ പ്രസ്താവനയുമായി രാഷ്ട്രീയ ജനതാദൾ നേതാവും പാർട്ടി അധ്യക്ഷനുമായ ജഗദാനന്ദ് സിംഗ്. വെറുപ്പിന്‍റെ ഭൂമിയിലാണ് രാമക്ഷേത്രം പണിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് വിവാദ പ്രസ്താവന.
ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് രാമനെ തട്ടിയെടുത്ത് കല്ലുകൊണ്ട് നിർമ്മിച്ച ആഡംബര കെട്ടിടത്തിൽ ഇരുത്താൻ കഴിയില്ലെന്ന് ആർജെഡി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. ജയ് ശ്രീറാം’ അല്ല ‘ഹേ റാമിൽ’ ഞങ്ങൾ വിശ്വസിക്കുന്നു, ഞങ്ങളുടെ ഹൃദയത്തിൽ രാമനുണ്ട്. ആഡംബര ശിലാക്ഷേത്രങ്ങളിലല്ല. ശ്രീരാമൻ അയോധ്യയിലോ ലങ്കയിലോ ഇല്ലെന്ന് ജഗദാനന്ദ് സിംഗ് കൂട്ടിച്ചേർത്തു.
അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ത്രിപുരയിലെ സബ്റൂമിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് വ്യാഴാഴ്ച ക്ഷേത്ര വിഷയത്തിൽ കോൺഗ്രസിനെയും രാഹുലിനെയും വിമർശിക്കുകയും നിർമ്മാണം ത്വരിതപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്തു.