ഫുട്ബോളിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് അർജൻ്റീന താരം ഏഞ്ചൽ ഡി മരിയ. ലോകകപ്പിനു പിന്നാലെ ദേശീയ ജഴ്സിയിൽ നിന്ന് രാജിവെക്കുമെന്നാണ് 34കാരനായ ഡി മരിയ സൂചന നൽകിയിരുന്നത്. എന്നാൽ, ഈ തീരുമാനം തിരുത്തുകയാണെന്നും ഉടൻ വിരമിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്തു. 2024 കോപ്പ അമേരിക്ക വരെ താരം തുടർന്നേക്കുമെന്നാണ് സൂചന. സൂപ്പർ താരം ലയണൽ മെസിയും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. ലോകകപ്പിനു പിന്നാലെ വിരമിക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഉടൻ വിരമിക്കില്ലെന്ന് മെസി അറിയിച്ചു.
ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയായിരുന്നു 36 വർഷങ്ങൾക്ക് ശേഷം അർജൻ്റീനയുടെ കിരീടധാരണം. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23ആം മിനിട്ടിൽ മെസിയും 36ആം മിനിട്ടിൽ ഡി മരിയയും നേടിയ ഗോളിൽ അർജൻ്റീന മുന്നിലെത്തി. 79ആം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാൻ അർജൻ്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളിൽ എംബാപ്പെ ഫ്രാൻസിനായി ഗോളുകൾ മടക്കിയതോടെ കളി അധികസമയത്തേക്ക്. അധികസമയത്ത്, 108ആം മിനിട്ടിൽ മെസിയിലൂടെ വീണ്ടും അർജൻ്റീന ലീഡെടുത്തു. എന്നാൽ, 118ആം മിനിട്ടിൽ എംബാപ്പെ തൻ്റെ ഹാട്രിക്ക് ഗോൾ നേടി ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ രണ്ടും മൂന്നും കിക്കുകൾ ഫ്രാൻസ് പാഴാക്കിയപ്പോൾ അർജൻ്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.