മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ചു ചേര്‍ന്നാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകര്‍ത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അവര്‍ ഒന്നിച്ച് ആലോചിച്ചാണ് ഒന്‍പത് വി.സിമാരെയും യു.ജി.സി നിയമം ലംഘിച്ച് നിയമിച്ചത്. ഇപ്പോള്‍ ഒരു പ്രതിക്കെതിരെ മറ്റൊരു പ്രതി സമരം ചെയ്യുകയാണ്. സുപ്രീം കോടതി വിധിക്കെതിരായ ഈ സമരത്തെ ജനങ്ങള്‍ തമാശയായി മാത്രമെ കാണുകയുള്ളൂ- സതീശന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗം തകര്‍ത്ത് തരിപ്പണമാക്കിയതിന്‍റെ ഉത്തരവാദിത്തത്തില്‍നിന്നു കൈകഴുകാന്‍ വേണ്ടി നടത്തുന്ന നാടകമാണ് രാജ് ഭവനു മുന്നിലെ സമരം. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള ശ്രമം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോര്‍പറേഷനിലെ കത്ത് വിവാദവും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനാണ് എല്‍.ഡി.എഫ് രാജ്ഭവനിലേക്ക് പ്രകടനം നടത്തിയത്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമുണ്ടായിട്ടും സര്‍ക്കാര്‍ ഇടപെടാത്തതില്‍ ജനങ്ങള്‍ വലിയ പ്രതിഷേധത്തിലാണ്. ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ചെറുപ്പക്കാരുടെ മനസില്‍ വലിയ അരക്ഷിതാവസ്ഥയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. മേയര്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് എവിടെ പോയി? ഒരു കത്ത് കത്തിച്ച് കളഞ്ഞെന്ന് പറയുന്നു. അപ്പോള്‍ തെളിവ് നശിപ്പിച്ചതിന് കേസെടുക്കില്ലേ? രണ്ട് കത്തും പോയത് പി.എസ്.സിയിലേക്കോ എംപ്ലോയ്മെന്‍റ് എക്സേചേഞ്ചുകളിലേക്കോ അല്ല ജില്ലാ സെക്രട്ടറിയുടെ കൈകളിലേക്കാണ്. കത്ത് നല്‍കിയത് ജില്ലാ സെക്രട്ടറിക്കായതിനാല്‍ അത് നശിപ്പിക്കപ്പെട്ടതും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലായിരിക്കും.