ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മന്‍ദൗസ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ചെന്നൈ തീരംതൊടുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത. സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും അപകടസാധ്യതയുള്ള മേഖലകളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാടിനെ കൂടാതെ പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും മഴയ്ക്ക് സാധ്യതയുണ്ട്.
വെള്ളിയാഴ്ച അര്‍ധരാത്രിക്കും ശനിയാഴ്ച പുലര്‍ച്ചയ്ക്കുമിടയില്‍ മന്‍ദൗസ് ചൈന്നെയ്ക്കു സമീപത്തെ മാമല്ലപുരം കടക്കും. 65-75 കിലോമീറ്റര്‍ വേഗത്തിലാകും ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുക. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞേക്കും.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്ടിലെ 12 ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, വെല്ലൂര്‍, റാണിപേട്ടൈ, കാഞ്ചീപുരം തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാത്രി മുതല്‍ വടക്കന്‍ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ ശക്തികുറഞ്ഞ മഴ പെയ്യുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 5.30 വരെയുള്ള കണക്കുകള്‍ പ്രകാരം ചെന്നൈയില്‍ 52.5 മില്ലിമീറ്റർ മഴയാണ് പെയ്തത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാര്‍ക്കുകളും കളിസ്ഥലങ്ങളും തുറക്കരുതെന്ന് ചെന്നൈ നഗരസഭ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ വെള്ളിയാഴ്ച ബീച്ച് സന്ദര്‍ശനം ഒഴിവാക്കണമെന്നും വാഹനങ്ങള്‍ മരങ്ങള്‍ക്കു താഴെ പാര്‍ക്ക് ചെയ്യരുതെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബീച്ചുകളിലെ കടകളെല്ലാം അടച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 5,093 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
വില്ലുപുരം, കാഞ്ചീപുരം, പുതുച്ചേരി, ചെങ്കല്‍പ്പട്ടു മേഖലകളിലെ വിവിധയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. പത്തുജില്ലകളില്‍ ദേശീയ ദുരന്തനിവാരണ പ്രതികരണസേനാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രക്ഷാദൗത്യത്തിന് ആവശ്യമായ ബോട്ടുകളും മരംമുറിയന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്.