തൂക്കുപാല ദുരന്തമുണ്ടായ മോർബിയിലെ സിറ്റിങ് എംഎൽഎ ആയ മന്ത്രിക്ക് സീറ്റ് നിഷേധിച്ചും നദിയിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയ മുൻ എംഎൽഎക്ക് സീറ്റ് നൽകിയും മുൻമുഖ്യമന്ത്രി വിജയ് രൂപാണിയെ ഒഴിവാക്കിയും ബിജെപിയുടെ ഗുജറാത്തിലെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 182 അംഗ സഭയിലെ 160 സീറ്റുകളിലേക്കുള്ള പട്ടികയാണു പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗത്‌ലോദിയ മണ്ഡലത്തിൽ തന്നെ മത്സരിക്കും.
5 മന്ത്രിമാരടക്കം 38 സിറ്റിങ് എംഎൽഎമാർക്ക് ഇത്തവണ സീറ്റില്ല. സ്പീക്കർ നിമാ ബെൻ ആചാര്യയെയും ഒഴിവാക്കി. കഴിഞ്ഞ വർഷമാണ് വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത്. ടിക്കറ്റ് കിട്ടാത്ത 7 എംഎൽഎമാർ അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലുണ്ടായിരുന്നവരാണ്. രാജേന്ദ്ര ത്രിവേദി, പ്രദീപ് പാർമർ, അർവിന്ദ് റയ്യാനി, ആർ.സി.മക്‌വാന എന്നിവരാണ് സീറ്റില്ലാത്ത മന്ത്രിമാർ. മുഖ്യമന്ത്രി സ്ഥാനത്തേക്കു പേരുയർന്നിരുന്ന നിതിൻ പട്ടേലിനും സീറ്റില്ല.
ഹാർദിക് പട്ടേൽ അടക്കം കോൺഗ്രസ് വിട്ടുവന്ന പലർക്കും സീറ്റു നൽകിയപ്പോൾ അൽപേഷ് ഠാക്കൂറിന്‍റെ പേരു പട്ടികയിലില്ല. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയ്ക്ക് സീറ്റ് നൽകിയിട്ടുണ്ട്. കോൺഗ്രസ് നേതാവായിരുന്ന ഹരിസിങ് സോളങ്കിയുടെ അനന്തരവളാണ് റിവബ.
135 പേർ മരിച്ച തൂക്കുപാല ദുരന്തം നടന്ന മോർബിയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നിലവിലെ എംഎൽഎയും സംസ്ഥാന തൊഴിൽ മന്ത്രിയുമായ ബ്രിജേഷ് മെർജയെ ഒഴിവാക്കി. മുൻ എംഎൽഎ കാന്തിലാൽ അമൃതിയ ആണ് സ്ഥാനാർഥി. നദിയിൽ ലൈഫ് ജാക്കറ്റ് ധരിച്ചു രക്ഷാപ്രവർത്തനം നടത്തുന്ന കാന്തിലാലിന്‍റെ വിഡിയോയ്ക്കു വൻ പ്രചാരം ലഭിച്ചിരുന്നു. ഹാർദിക് പട്ടേലിന് വിരാംഗ്രാമിലാണ് സീറ്റ്. ഡിസംബർ 1, 5 തീയതികളിലാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.