മൂന്നാം ഏകദിനത്തിൽ 90 റൺസിന്‍റെ വമ്പൻ വിജയം, ന്യൂസീലൻഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ കിവീസിനെ 90 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 386 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലന്‍ഡ് 41.2 ഓവറില്‍ 295 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെ മാത്രമാണ് കിവീസിനായി പിടിച്ചുനിന്നത്.

സെഞ്ചുറി നേടിയ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യയുടെ വിജയത്തിന് നേതൃത്വം നല്‍കിയത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

പടുകൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഫിന്‍ അലനെ മടക്കി ഹാര്‍ദിക് പാണ്ഡ്യ ന്യൂസീലന്‍ഡിനെ ഞെട്ടിച്ചു. ഹാര്‍ദിക്കിന്റെ ബൗണ്‍സര്‍ പ്രതിരോധിച്ച അലന്‍റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് പിഴുതു.

ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവും ശാര്‍ദൂല്‍ ഠാക്കൂറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉമ്രാന്‍ മാലിക്കും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തു. 112 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 101 റണ്‍സ് നേടിയ രോഹിത് ശര്‍മ, 54 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ന്യൂസീലന്‍ഡിന്‍റെ തീരുമാനം തെറ്റാണ് എന്ന് തെളിയിച്ചാണ് ബാറ്റിങ് ആരംഭിച്ചത്. തകര്‍പ്പന്‍ ഫോമില്‍ കളിച്ചുതുടങ്ങിയ രോഹിത്തും ഗില്ലും കിവീസ് ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കാതെ ബാറ്റുവീശി. 12-ാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി കുറിച്ചു. 34 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. പരമ്പരയില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഗില്‍ ഈ മത്സരത്തിലും പ്രതിഭ തെളിയിച്ചു. 13-ാം ഓവറില്‍ ഇന്ത്യ 100 കടന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *