തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103–ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധി. 103–ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിഗണിച്ചത്.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം.ത്രിവേദി, ജസ്റ്റിസ് ജെ.ബി.പർദിവാല എന്നിവരാണ് സംവരണത്തെ അനുകൂലിച്ചവർ. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് എന്നിവർ സംവരണത്തെ എതിർത്തു. ആകെ നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായിരുന്നത്. ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ടിന്റെ വിധിയോട് അനുകൂലിക്കുന്നതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.
സാമ്പത്തിക സംവരണത്തിൽ പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമല്ലെന്നു സംവരണത്തെ അനുകൂലിച്ച ജസ്റ്റിസുമാർ നിരീക്ഷിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം തെറ്റല്ലെന്നും ഇവർ വ്യക്തമാക്കുന്നു. എന്നാൽ മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും സാമൂഹികനീതിക്കും എതിരാണെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജന വിധിയിൽ പറഞ്ഞു. ഭരണഘടന വിലക്കിയ വിവേചനം ഭേദഗതിയിലൂടെ നടപ്പാക്കുകയാണ്. ജാതി വിവേചനത്തിന്‍റെ ദുരിതങ്ങളെ നിയമപരമായി അംഗീകരിക്കുന്നതിന് തുല്യമാണ് മുന്നാക്ക സംവരണമെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് നിരീക്ഷിച്ചു.
2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുദിച്ചതിനെതിരെ 39 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.