മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ അന്തരിച്ചു

മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം.

ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1943 ലാണ് ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ഥ പേര്. 1960 കളില്‍ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായിരുന്നു കൃഷ്ണ. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ 350 ലേറെ സിനിമകള്‍ ചെയ്തു.

1961 ല്‍ കുല ഗൊത്രലു എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മൂന്ന്‌ ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1965 ല്‍ പുറത്തിറങ്ങിയ തേനേ മനസുലു ആയിരുന്നു കൃഷ്ണയെ നായകപദവിയില്‍ എത്തിച്ച ചിത്രം. ഗുഡാചാരി 116 എന്ന ചിത്രത്തിലൂടെയാണ് സൂപ്പര്‍താര പദവിയിലെത്തുന്നത്. സാക്ഷി, മരപുരാനി കഥ, സത്രീ ജന്മ, പ്രൈവറ്റ് മാസ്റ്റര്‍, നിലവു ദൊപ്പിടി, അല്ലൂരി സീതാ രാമ രാജു, വിചിത്ര കുടുംബം, ബ്രഹ്മാസ്ത്രം, സിംഹാസനം, മൊഡ്ഡു ബിദ, റൗഡി നമ്പര്‍ 1, ഗുഡാചാരി 117, ഇന്‍സ്‌പെക്ടര്‍ രുദ്ര, വരസു, റൗഡി അണ്ണയ്യ, നമ്പര്‍ വണ്‍, സുല്‍ത്താന്‍, രാവണ, വംസി, അയോധ്യ, കന്തസാമി തുടങ്ങിയവയാണ് പ്രധാന സിനിമകളില്‍ ചിലത്. 2016 ല്‍ പുറത്തിറങ്ങിയ ശ്രീ ശ്രീ ആണ് അവസാന ചിത്രം.

തെലുങ്കു സിനിമയിലെ സൂപ്പര്‍താരങ്ങളായിരുന്ന എന്‍.ടി രാമറാവു, അകിനേനി നാഗേശ്വര റാവു തുടങ്ങിയവര്‍ക്കൊപ്പവും സിനിമകള്‍ ചെയ്തിട്ടുണ്ട്. 1970ല്‍ പത്മാലയ സ്റ്റുഡിയോസ് എന്ന പേരില്‍ നിര്‍മാണ കമ്പനി ആരംഭിച്ചു.

1974 ല്‍ മികച്ച നടനുള്ള ആന്ധ്ര സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു. വി രാമചന്ദ്രറാവു സംവിധാനം ചെയ്ത അല്ലൂരി സീതാ രാമ രാജു എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം. 1997 ല്‍ സിനിമയിലെ സമഗ്രസംഭാവനയ്ക്ക് ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു. 2009 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

ഇന്ദിരാ ദേവിയായിരുന്നു ആദ്യഭാര്യ. നടന്‍മാരായ മഹേഷ് ബാബു, രമേഷ് ബാബു, മുന്‍നടി മഞ്ജുള, പ്രിയദര്‍ശിനി, പത്മാവതി തുടങ്ങിയവരാണ് ഈ ബന്ധത്തില്‍ ജനിച്ച മക്കള്‍. 1967 ല്‍ സാക്ഷി എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടി വിജയ നിര്‍മലയുമായി പ്രണയത്തിലായി. തുടര്‍ന്ന് വിവാഹം കഴിക്കുകയും ചെയ്തു. വിജയ നിര്‍മലയ്‌ക്കൊപ്പം ഏകദേശം നാല്‍പ്പതോളം സിനിമകളില്‍ കൃഷ്ണ പ്രവര്‍ത്തിച്ചിട്ടുണ്ട്. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നരേഷ് കൃഷ്ണയ്ക്ക് വിജയനിര്‍മലയില്‍ ജനിച്ച മകനാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *