മാലദ്വീപിന്‍റെ തലസ്ഥാനമായ മാലെയിൽ നിർമാണ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് 9 ഇന്ത്യക്കാർ അടക്കം 10 പേർ മരിച്ചു. ഒരാൾ ബംഗ്ലാദേശുകാരാണ്. മരിച്ച ഇന്ത്യക്കാർ തമിഴ്നാട്, ആന്ധ്ര സ്വദേശികളാണെന്നും ഇവരിൽ 2 പേർ സ്ത്രീകളാണെന്നും റിപ്പോർട്ടുണ്ട്. 28 പേരെ രക്ഷിച്ചു. മൃതദേഹങ്ങൾ ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. ഒരാളുടെ നില അതീവഗുരുതരമാണ്.
എം നിറു ഫെഹി മേഖലയിലെ മാവിയോ പള്ളിക്കു സമീപത്തെ 3 നില കെട്ടിടത്തിലാണ് രാത്രി പന്ത്രണ്ടരയോടെ തീപിടിച്ചത്. 40 പേർ ആണ് താമസിച്ചിരുന്നത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വെൽഡിങ് വർക്ഷോപ്പിൽ നിന്നാണ് തീ പടർന്നത്. തെരുവിൽ നിർത്തിയിട്ടിരുന്ന ഒരു കാറും കത്തിനശിച്ചു.
പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സൊലിഹ്, പ്രതിരോധമന്ത്രി മാരിയ ദീദി, ആഭ്യന്തര മന്ത്രി ഇമ്രാൻ അബ്‌ദുല്ല എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.