ശശി തരൂരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ഹസൻ. നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ശശി തരൂർ പറയേണ്ടത് പാർട്ടി നേതൃത്വത്തോടാണെന്നും പത്രക്കാരോടും ജനങ്ങളോടും അത് പറയേണ്ട കാര്യമില്ലെന്നുമാണ് ഹസന്റെ വിമർശനം. സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിക്കാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കുമ്പോഴേ പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യൂ എന്ന കാര്യം മനസിലാക്കണം. സമുദായ സംഘടനാ നേതാക്കളെ ശശി തരൂർ അങ്ങോട്ട് ചെന്ന് കാണുകയാണ് ചെയ്യുന്നത്. അപ്പോഴാണ് അവർ സംസാരിക്കുന്നത്. അതിലൊന്നും ഒരു പുതുമയും ഇല്ലെന്നും ഹസൻ പറഞ്ഞു.
കേരളം കേന്ദ്രീകരിച്ചാണ് ഇനി തന്റെ പ്രവർത്തനമെന്ന് ശശി തരൂർ ഇന്നലെ പറഞ്ഞിരുന്നു. നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം ഉണ്ടെന്ന അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയത്. അതിന് മറുപടിയെന്നോണമാണ് സ്ഥാനാർത്ഥിത്വം ആർക്കും സ്വന്തം നിലയിൽ തീരുമാനിക്കാൻ ആവില്ലെന്ന് വ്യക്തമാക്കി ഹസൻ രംഗത്തെത്തിയത്.