ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. കാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടിയിരുന്നു.

ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്.

1940 ഒക്ടോബര്‍ 23-ന് ‘മൂന്ന് ഹൃദയം’ എന്നര്‍ഥം വരുന്ന ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെ ജനിച്ചത്. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്‍റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്‍റസ്. 15-ാം വയസില്‍ ബ്രസീലിന്‍റെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്‍റോസിനൊപ്പമാണ് പെലെ കളി തുടങ്ങിയത്. 1956-ലായിരുന്നു അത്. 1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്‍റോസ് സീനിയര്‍ ടീമിലെ ആദ്യ കളി. ഒന്നിനെതിരേ ഏഴു ഗോളിന് സാന്‍റോസ് ജയിച്ച ആ മത്സരത്തില്‍ ഒരു ഗോളുമടിച്ചു. 1957 ജൂലായ് ഏഴിന് അര്‍ജന്‍റീനയ്‌ക്കെതിരെയായിരുന്നു ബ്രസീല്‍ അരങ്ങേറ്റം. 16 വര്‍ഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്. ആദ്യ മത്സരത്തില്‍ തന്നെ പെലെ ഗോള്‍ നേടി.

1958-ല്‍ ലോകകപ്പില്‍ അരങ്ങേറി. കരിയറിലെ ആദ്യ മേജര്‍ ടൂര്‍ണമെന്‍റായിരുന്നു അത്. കാല്‍മുട്ടിനേറ്റ പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക് നേടി ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പെലെയ്ക്ക് സ്വന്തമായി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോള്‍ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകര്‍ത്ത് അന്ന് ബ്രസീല്‍ കിരീടം നേടി. നാലു മത്സരങ്ങളില്‍ ആറു ഗോളുകള്‍ നേടിയ പെലെയെ ടൂര്‍ണമെന്‍റിലെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. 1970 ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി.

1971 ജൂലായ് 18-ന് റിയോ ഡി ജനെയ്‌റോയില്‍ യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീല്‍ ജേഴ്‌സിയിലെ അവസാന മത്സരം. മഞ്ഞപ്പടയ്ക്കായി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടാനായ ശേഷമായിരുന്നു ആ പടിയിറക്കം. അവിടെനിന്നും ആറു വര്‍ഷം കഴിഞ്ഞ് പെലെ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിച്ചു. 1977 ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്ക് കോസ്‌മോസും സാന്‍റോസും തമ്മിലുള്ള മത്സരത്തിലൂടെ പെലെ വിടവാങ്ങി. പ്രൊഫഷണല്‍ കരിയറില്‍ ഈ രണ്ട് ക്ലബ്ബുകള്‍ക്കായി മാത്രമേ പെലെ ബൂട്ടണിഞ്ഞിട്ടുള്ളൂ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *