പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചു; സഭ ഇന്നത്തേക്ക് പിരിഞ്ഞു

സര്‍ക്കാര്‍ തസ്തികകളിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

പിഎസ്സിയെയും എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിനെയും നോക്കുത്തിയാക്കിയെന്നാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു. സംസ്ഥാനത്തെ യുവജനങ്ങള്‍ ആശങ്കയിലെന്നും പ്രതിപക്ഷം ആരോപിച്ചു.

’30 ലക്ഷത്തിലധിം യുവാക്കളാണ് കേരളത്തില്‍ എംപ്ലോയിമെന്‍റ് എക്‌സ്‌ചേഞ്ചില്‍ രജിസറ്റര്‍ ചെയ്ത് തൊഴില്‍ കാത്തിരിക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ ഇവിടെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നുനില്‍ക്കുകയാണ്. ഈ സാഹചര്യത്തിനിടയിലാണ് മുന്‍പെങ്ങുമില്ലാത്ത പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്ത് ഭൂരിപക്ഷവും പാര്‍ട്ടി നിയമനങ്ങളാണ് നടക്കുന്നത്. എംപ്ലോയിമെന്‍റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തികളാക്കുകയാണ്.

എസ്എടി ആശുപത്രിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയില്ലേ. പാര്‍ട്ടി കത്ത് കൊടുത്തല്ലേ നിയമനം നടത്തിയത്. ലേ സെക്രട്ടറി മൃദുല കുമാരി അവരുടെ സഹോദരിയുടെ മകനെ മെഡിസെപ്പില്‍ നിയമിച്ചില്ലേ. സഹോദരിയുടെ മകന്‍റെ ഭാര്യയെ കൗണ്ടര്‍ സ്റ്റാഫായി നിയമിച്ചു. സഹോദരിയുടെ മകളെ നിയമിച്ചു. മകന്‍റെ സുഹൃത്തിന് നിയമനം നല്‍കി. ഒടുവില്‍ മൃദുല കുമാരിയുടെ മകനെ തന്നെ നിയമിച്ചു. ഇത്തരത്തില്‍ ഏഴ് പേരെയാണ് പിന്‍വാതില്‍ നിയമനങ്ങളിലൂടെ ജോലി കൊടുത്തത്. ‘. പി സി വിഷ്ണുനാഥ് പറഞ്ഞു.

നിയമനത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ സൃഷ്ടിക്കാന്‍ വ്യാജ പ്രചരണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് മറുപടി നല്‍കി. പി സി വിഷ്ണുനാഥ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

‘ഉദ്യോഗാര്‍ത്ഥികളോട് എന്തോ അനീതി ചെയ്യാന്‍ ശ്രമിച്ചു എന്നതായിരുന്നു ആരോപണം. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇതു തള്ളിക്കളഞ്ഞു എന്നതിന്‍റെ തെളിവായിരുന്നു തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ 18000 അധികം നിയമനങ്ങള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തി. 35840 നിയമനം രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ നടത്തി.

ലോക്ക് ഡൗണിന്‍റെ കാലത്ത് കേരളത്തില്‍ മാത്രമാണ് പി എസ് സി യിലൂടെ നിയമനങ്ങള്‍ നടന്നിട്ടുള്ളത്. 55 റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിച്ചു. എല്ലാം അടഞ്ഞുകിടന്നപ്പോഴും പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിച്ചു. മേയര്‍ എഴുതിയിട്ടില്ലെന്ന് പറയുന്നതും കിട്ടേണ്ട ആള്‍ കിട്ടിയിട്ടില്ലെന്ന് പറയുന്നതുമായ ഒരു കത്തിന്‍റെ പേരിലാണ് കോലാഹലമെന്നും എം ബി രാജേഷ് സഭയില്‍ പറഞ്ഞു.

ഗവര്‍ണറും വിഴിഞ്ഞവും നിയമന വിവാദവുമൊക്കെ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തവെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചത്. ഈ വരുന്ന 15 വരെയാണ് നിയമസഭ സമ്മേളിക്കുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *