വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം കഠിനതടവ്. കേസില്‍ മോന്‍സന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എറണാകുളം പ്രത്യേക പോക്‌സോ കോടതി കേസിലെ ശിക്ഷ വിധിച്ചത്.
2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ജീവനക്കാരിയുടെ മകളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍വെച്ച് മോന്‍സന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പഠനത്തിന് സഹായം നല്‍കാമെന്നും ഇതിന്റെ കൂടെ കോസ്മറ്റോളജി കോഴ്‌സ് കൂടി പഠിപ്പിക്കാമെന്നും പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ കലൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
പുരാവസ്തുതട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് മോന്‍സനെതിരേ പോക്‌സോ പരാതിയും എത്തിയത്. മോന്‍സനെ ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും പരാതിക്കാര്‍ പറഞ്ഞിരുന്നു.
പീഡനപരാതിയില്‍ മോന്‍സനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും 13-ഓളം വകുപ്പുകളാണ് ചുമത്തിയിരുന്നത്.
പോക്‌സോ കേസില്‍ ജാമ്യംതേടി മോന്‍സന്‍ മാവുങ്കല്‍ നേരത്തെ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസില്‍ അറസ്റ്റിലായ അന്നുമുതല്‍ മോന്‍സന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പോക്‌സോ അടക്കം പതിനാറോളം കേസുകള്‍ മോന്‍സന്റെ പേരില്‍ നിലവിലുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പി. വൈ. ആര്‍. റസ്റ്റത്തിന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് ദ്രുതഗതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി മോന്‍സനെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.