പൊലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സേനയ്ക്ക് ആകെ കളങ്കമാകുന്നു എന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാരോട് ഒരു ദയവും ദാക്ഷിണ്യവും കാണിക്കാൻ പറ്റില്ലെന്നും അവരെ സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം റൂറൽ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
‘‘അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്ന സേനയാണ് ചിലരുടെ പ്രവൃത്തി കാരണം തലകുനിച്ച് നില്‍ക്കേണ്ടി വരുന്നത്. അത്തരം ആളുകളുടെ പ്രവൃത്തി സേനയ്ക്ക് ചേര്‍ന്നതല്ല. അത്തരം വ്യക്തികളെ സംരക്ഷിക്കേണ്ട ബാധ്യതയും സേനയ്ക്കില്ല. തന്‍റെ മുന്നില്‍ പരാതിയുമായി എത്തുന്ന ഒരു വ്യക്തിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നേക്കാള്‍ പ്രാധാന്യം നല്‍കണം’’– മുഖ്യമന്ത്രി പറഞ്ഞു. സൈനികനെ ഉള്‍പ്പെടെ മര്‍ദിച്ച പൊലീസ് നടപടി വിവാദമായ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.