പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ സി.പി.എം.- സി.ഐ.ടി.യു. നേതൃത്വത്തില്‍ അതൃപ്തി. പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ചചെയ്യാതെയാണ് തീരുമാനം എടുത്തതെന്നാണ് വിമര്‍ശനം. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും അതിനാലാണ് മരവിപ്പിക്കേണ്ടിവന്നതെന്നും സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ തന്നെ വ്യക്തമായ നിലപാട് എടുത്തതിനാല്‍ ഇനി അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. മന്ത്രിസഭയായിരുന്നു തീരുമാനം എടുത്തത്. പിന്നീട് മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്ത, മന്ത്രിസഭ തന്നെ അതില്‍ കൃത്യമായ നിലപാട് സ്വീകരിച്ച് തീരുമാനം മരവിപ്പിച്ചു. എങ്ങനെയാണ് തീരുമാനം വന്നതെന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകപക്ഷീയമായി എടുത്ത തീരുമാനമെന്നാണ് ട്രേഡ് യൂണിയന്‍ നേതൃത്വവും പാര്‍ട്ടി നേതൃത്വവും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തെ വിലയിരുത്തുന്നത്. യുവജന സംഘടനകളുമായും ചര്‍ച്ച നടന്നില്ല. അത്തരത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ വിവാദ തീരുമാനം ഉണ്ടാവില്ലായിരുന്നു. ആലോചന നടക്കാത്തതാണ് പ്രധാനപ്രശ്‌നം. നയപരമായ തീരുമാനം ആവശ്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ച ഉണ്ടാകാത്തതിലുള്ള പ്രതിഷേധവും പാര്‍ട്ടിക്കുള്ളിയില്‍ ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ നടക്കുന്ന പാര്‍ട്ടി നേതൃയോഗങ്ങളിലും വിഷയം ചര്‍ച്ചയായേക്കും.