പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തിലത് 0.06 ആണ്. എച്ച്.ഐ.വി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഇതര സംസ്ഥാനങ്ങളിലേയ്ക്കും, രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നതും, ഇതര സംസ്ഥാനത്തു നിന്നുള്ള ആളുകള്‍ വര്‍ദ്ധിച്ച തോതില്‍ കേരളത്തിലേയ്ക്ക് കുടിയേറുന്നതും നമ്മുടെ എച്ച്.ഐ.വി വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിന് 2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി ബാധിതരായ ആളുകളിലെ 95% ആളുകളും അവരുടെ എച്ച്.ഐ.വി അവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്. അണുബാധിതരായിട്ടും അത് തിരിച്ചറിയാതെ ജീവിക്കുന്ന ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. രണ്ടാമത്തെ 95 എന്നുള്ളത് എച്ച്.ഐ.വി. അണുബാധിതരായി കണ്ടെത്തിയ ആളുകളിലെ 95%വും എ.ആര്‍.ടി. ചികിത്സയ്ക്ക് വിധേയരാകുക എന്നതാണ്. ഇവരിലെ 95% ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനനുസരിച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.