പി.വി.ശ്രീനിജിന്‍ എംഎൽഎയുടെ പരാതി: സാബു എം.ജേക്കബിനെതിരെ കേസ്

കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിന്‍റെ പരാതിയിൽ ട്വന്‍റി 20 പ്രസിഡന്‍റ് സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്ക് ആണ് രണ്ടാം പ്രതി. ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എംഎൽഎ എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ അംഗങ്ങൾ ഇറങ്ങിപ്പോയതാണ് പരാതിക്ക് കാരണം.

കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്കിടയാക്കിയ സംഭവം. ഐക്കരനാട് പഞ്ചായത്തിലെ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ശ്രീനിജന്‍ എത്തിയതോടെ ട്വന്‍റി-20 പഞ്ചായത്ത് മെമ്പര്‍മാരെല്ലാം വേദിയില്‍നിന്നിറങ്ങിപ്പോയി സദസ്സില്‍ ഇരുന്നു. തുടര്‍ന്ന് പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ എം.എല്‍.എ. പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്‍റെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല. ഇതോടെ ഡി.ജി.പി.യെ സമീപിച്ച് പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. സാബു എം. ജേക്കബ് ഉള്‍പ്പെടെയുള്ള ട്വന്‍റി-20 പ്രവര്‍ത്തകര്‍ പല തവണ തനിക്കെതിരേ പരസ്യ പ്രസ്താവനകള്‍ നടത്തുകയും അധിക്ഷേപിക്കുകയും ചെയ്തതായി ശ്രീനിജന്‍ പരാതിയില്‍ പറയുന്നു.

സാമൂഹിക വിലക്കാണ് തനിക്കെതിരേ ഉണ്ടായതെന്ന് പി.വി. ശ്രീനിജന്‍ പറഞ്ഞു. താന്‍ പങ്കെടുക്കുന്ന വേദികളില്‍നിന്ന് അദ്ദേഹത്തിന്‍റെ പഞ്ചായത്ത് അംഗങ്ങളെ വിലക്കുമെന്ന് സാബു എം. ജേക്കബ് നേരത്തേ പറഞ്ഞിട്ടുണ്ട്. തന്നെ മുറിയില്‍ പൂട്ടിയിടണമെന്നും ശത്രുവാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ശ്രീനിജന്‍ പറയുന്നു. ഐക്കരനാട് നടന്ന കൃഷി ഭവന്‍റെ ചടങ്ങിലേക്ക് ഉദ്ഘാടകനായി ക്ഷണിച്ചതു പ്രകാരമാണ് താന്‍ ചെന്നത്. എന്നാല്‍ വേദിയിലേക്ക് ചെന്നപ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവര്‍ വേദിവിട്ടിറങ്ങിപ്പോയി.

അതേസമയം, എം.എല്‍.എ.യായ ശേഷം പി.വി. ശ്രീനിജനുമായി താന്‍ കണ്ടുമുട്ടുകയോ വേദി പങ്കിടുകയോ ചെയ്തിട്ടില്ലെന്ന് സാബു ജേക്കബ് പ്രതികരിച്ചു. മാധ്യമങ്ങളില്‍ കേട്ടുള്ള അറിവ് മാത്രമാണ് തനിക്കുള്ളതെന്നും സാബു ജേക്കബ് പറയുന്നു. താന്‍ എവിടെവെച്ച് എങ്ങനെ എന്ത് അധിക്ഷേപിച്ചെന്ന് ശ്രീനിജന്‍ വ്യക്തമാക്കണമെന്നും സാബു ജേക്കബ് പറഞ്ഞു. അധികാരം ഉപയോഗിച്ച് ആരെയും കള്ളക്കേസില്‍ കുടുക്കാമെന്ന വിചാരം ശരിയല്ല. ഓഗസ്റ്റില്‍ നടന്ന സംഭവത്തിന് കേസെടുക്കുന്നത് ഡിസംബര്‍ എട്ടിനാണ്. ഇതില്‍നിന്നു തന്നെ ഇതൊരു ഗൂഢാലോചനയാണെന്ന് മനസ്സിലാക്കാമെന്നും സാബു ജേക്കബ് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *