മുൻ ദക്ഷിണാഫ്രിക്കൻ താരം മിക്കി ആർതറിനെ ദേശീയ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി തിരികെ കൊണ്ടുവരാൻ ശ്രമം ആരംഭിച്ച് പാകിസ്താൻ. നിലവിൽ ഡെർബിഷയർ ടീമിനൊപ്പം ഇംഗ്ലണ്ടിലുള്ള ആർതറുമായി മാനേജ്‌മെന്‍റ് കൂടിക്കാഴ്ച നടത്തിയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ന്യൂസിലൻഡിനെതിരായ ഹോം പരമ്പരയ്ക്ക് ശേഷം നിലവിലെ പരിശീലകൻ സഖ്‌ലെയ്ൻ മുഷ്താഖ് ഒഴിയുന്നതിനാലാണ് പുതിയ നീക്കം.
പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്‍റെ നജാം സേത്തിയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് മാനേജ്‌മെന്‍റ് ആർതറിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ആർതറിനെ കൂടാതെ മറ്റ് ഓപ്ഷനുകൾ നോക്കുന്നുണ്ടെന്നും ഇവരെല്ലാം വിദേശത്താണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2016-നും 2019-നും ഇടയിൽ പാകിസ്താന്‍റെ മുഖ്യ പരിശീലകനായിരുന്നു ആർതർ. അദ്ദേഹത്തിന്‍റെ മാർഗനിർദേശപ്രകാരം 2017-ൽ സർഫറാസ് അഹമ്മദിന്‍റെ ക്യാപ്റ്റൻസിയിൽ ടീം ചാമ്പ്യൻസ് ട്രോഫി നേടി.