പഠാൻ സിനിമയിലെ വിവാദമായ ഗാനരംഗത്തിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ്. മാറ്റങ്ങൾ വരുത്തിയ പുതിയ പതിപ്പ് പ്രദർശനത്തിനുമുമ്പ് കൈമാറാൻ അണിയറപ്രവർത്തകരോട് നിർദേശിച്ചു. ജനുവരി 25-നാണ് ചിത്രത്തിന്‍റെ റിലീസ്.
ഗാനരംഗത്തിലുൾപ്പെടെ മാറ്റങ്ങൾ വേണമെന്നാണ് സി.ബി.എഫ്.സി. ചെയർമാൻ പ്രസൂൻ ജോഷി നിർദേശിച്ചിരിക്കുന്നത്. ഡിസംബർ 12-നാണ് പഠാനിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. എന്നാൽ വലിയ വിവാദമാണ് ഗാനവുമായി ബന്ധപ്പെട്ട് ഉയർന്നത്. ചിത്രത്തിലെ നായികയായ ദീപികാ പദുക്കോൺ കാവിനിറത്തിലുള്ള ബിക്കിനിയാണ് ഗാനരംഗത്തിൽ ഒരിടത്ത് ധരിച്ചിരിക്കുന്നത് എന്നതാണ് വിവാദത്തിന് കാരണം.
ബേഷരം രംഗ് എന്ന ഗാനം റിലീസായ ദിവസംമുതൽ പാട്ടിനെതിരെ സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മധ്യപ്രദേശിലാണ് ഗാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നത്. ആഭ്യന്തര മന്ത്രിയും സ്പീക്കറുമുൾപ്പെടെ നിരവധി പേരാണ് ബേഷരം രംഗിനെതിരെ രംഗത്തെത്തിയത്.
ഗാനം ചിത്രീകരിച്ചത് മലിനമായ മാനസികാവസ്ഥയിലാണെന്നും സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രതികരിച്ചിരുന്നു. ഷാരൂഖ് ഈ ചിത്രം അദ്ദേഹത്തിന്‍റെ മകൾക്കൊപ്പം കാണണം. ഇതിന്‍റെ ഒരു ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഇക്കാര്യം ലോകത്തെ അറിയിക്കണം. ഇതൊന്നും ഒരിക്കലും അനുവദിക്കാനാവില്ല എന്നാണ് സ്പീക്കർ ഗിരീഷ് ഗൗതം പറഞ്ഞു.
നായകനായ ഷാരൂഖ് ഖാന്‍റെ കോലം കത്തിച്ചും ശേഷക്രിയ ചെയ്തുമെല്ലാം പ്രതിഷേധങ്ങൾ നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ പാട്ടിൽ കാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡും നിർദേശിച്ചിരിക്കുന്നത്.