ക്രിക്കറ്റ് മത്സര ടിക്കറ്റ് നിരക്ക് വിവാദത്തില്‍ വിചിത്ര ന്യായീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പട്ടിണി കിടക്കുന്നവര്‍ക്ക് ചിലപ്പോള്‍ ആസ്വാദനത്തിന് പ്രയാസമുണ്ടാകുമെന്നാകും മന്ത്രി വി അബ്ദുറഹിമാന് ഉദ്ദേശിച്ചതെന്നാണ് എം വി ഗോവിന്ദന്റെ വിശദീകരണം. പട്ടിണി കിടക്കുന്നവരും അല്ലാത്തവരും കായിക മത്സരം ആസ്വദിക്കും. പട്ടിണിക്കാരും അല്ലാത്തവരുമായ എല്ലാവരും കൂടിച്ചേര്ന്നിട്ടാണല്ലോ കളികള്‍ കാണാറുള്ളത്. ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബോള്‍ മത്സരം ഇത് തെളിയിക്കുന്നുണ്ടെന്നും എം വി ഗോവിന്ദന് കണ്ണൂരില്‍ പറഞ്ഞു.
മന്ത്രിയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന പ്രതികരണമാണ് എം വി ഗോവിന്ദനില്‍ നിന്നുമുണ്ടായത്. എല്ലാവരും കായിക മത്സരങ്ങള്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ കായിക മത്സരങ്ങള്‍ ആസ്വദിക്കുന്നതില്‍ പട്ടിണി കിടക്കുന്നവര്‍ക്ക് ചിലപ്പോള്‍ പ്രയാസമുണ്ടാകുമെന്നാകാം മന്ത്രി ഉദ്ദേശിച്ചതെന്നും എം വി ഗോവിന്ദന് പറഞ്ഞു. വിവാദം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നില്ല മന്ത്രിയുടെ പ്രസ്താവനയെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
ടിക്കറ്റ് നികുതി കുറയ്ക്കാനാവില്ലെന്നും പട്ടിണികിടക്കുന്നവര്‍ ആരും കളികാണാന്‍ വരേണ്ടെന്നും കായികമന്ത്രി വി അബ്ദുറഹിമാന് പറഞ്ഞതാണ് വിവാദമായത്. സംഘാടകര്‍ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാത്തതെന്നും മന്ത്രി പ്രതികരിച്ചിരുന്നു. മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്.