പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ശാഖയിൽ നടന്ന 12.6 കോടി രൂപയുടെ വെട്ടിപ്പിൽ സി.ബി.ഐ.ക്ക് കേസെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ‘അനുമതി’ കടമ്പ. കേരളത്തിൽ ഏതൊരു കേസും രജിസ്റ്റർ ചെയ്യണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ മുൻകൂർ അനുമതിവേണം. സമാനമായി പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥനെ പ്രതിയാക്കണമെങ്കിൽ അഴിമതിതടയൽ നിയമത്തിലെ ’17എ’ സെക്ഷൻപ്രകാരം ബന്ധപ്പെട്ട വകുപ്പുകളുടേയും മുൻകൂർ അനുമതി തേടണം.
ഈ കേസിൽ സി.ബി.ഐ. ഇതുവരെ അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്തെഴുതിയിട്ടില്ല. ഇത്തരം അനുമതികളൊന്നും ആവശ്യമില്ലാത്ത എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി.) പ്രാഥമികനടപടിയായ എൻഫോഴ്‌സ്‌മെന്‍റ് കേസ് ഇൻഫോർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർചെയ്തിട്ടുമില്ല. ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങനെപോകുന്നുവെന്ന് നിരീക്ഷിച്ചശേഷമേ രണ്ട് ഏജൻസികളും അന്വേഷണത്തിലേക്കുകടക്കു.
നയതന്ത്ര സ്വർണക്കടത്ത്-ലൈഫ് മിഷൻ കേസുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കേസെടുക്കാൻ സി.ബി.ഐ.ക്ക് നൽകിയിരുന്ന പൊതുസമ്മതി കേരളം 2021 നവംബർ നാലിന് പിൻവലിച്ചിരുന്നു. ഇതുപ്രകാരം. കേരളത്തിൽ കേസ് സി.ബി.ഐയ്ക്ക് രജിസ്റ്റർചെയ്യണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ മുൻകൂർ അനുമതിവേണം. ഇതിനായി സംസ്ഥാനസർക്കാർ രേഖാമൂലം ആവശ്യപ്പെടുകയോ സംസ്ഥാനത്തിന്‍റെ അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ. കത്തുനൽകുകയോ വേണം.
ഈ രീതിയിൽ ആദ്യമായി സി.ബി.ഐ. അനുമതിതേടിയത് കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കാനായിരുന്നു. രണ്ടുമാസത്തോളം വൈകിയാണ് സംസ്ഥാനം അനുമതി നൽകിയത്. കേസ് കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടാലും സി.ബി.ഐ.ക്ക് അന്വേഷിക്കാം. അതാകുമ്പോൾ സംസ്ഥാന സർക്കാർ സ്വഭാവികമായി അനുമതി നൽകേണ്ടിവരും.
1988-ലെ അഴിമതി തടയൽ നിയമം, 2018ൽ കേന്ദ്രസർക്കാർ ഭേദഗതിചെയ്തതിനെ തുടർന്നാണ് സി.ബി.ഐ.ക്ക് അന്വേഷണത്തിന് ’17 എ കുരുക്ക്’ വന്നത്. ഇതുപ്രകാരം പെതുസേവകർക്കെതിരേ അന്വേഷണം നടത്തണമെങ്കിൽ ബന്ധപ്പെട്ട മന്ത്രാലയം-വകുപ്പ് എന്നിവയിൽ നിന്ന് മുൻകൂർ അനുമതി തേടിയിരിക്കണം. പഞ്ചാബ് നാഷണൽ ബാങ്ക് പൊതുമേഖലയിലായതിനാൽ ഇതിനായി കേന്ദ്രസർക്കാരിന്‍റെ അനുമതിവാങ്ങണം. ആരോപണവിധേയനായ എം.പി. റിജിൽ സീനിയർ മാനേജർ തലത്തിലുള്ള ഉദ്യോഗസ്ഥനായതിനാൽ കേസ് അനുമതി തേടേണ്ടതും അന്വേഷിക്കേണ്ടതും അഡീഷണൽ ഡയറക്ടർ ജനറൽതലത്തിലുള്ള ഉദ്യോഗസ്ഥനാണ്.