പഞ്ചാബിലെ തീവ്ര ഹൈന്ദവ സംഘടനയായ ശിവസേന തക്സലിയുടെ പ്രസിഡന്‍റ് സുധീർ സുരി വെടിയേറ്റുമരിച്ചു. സർക്കാർ കനത്ത പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുള്ള സുരിയെ നഗരത്തിലെ മജിത റോഡിലുള്ള ഗോപാൽ മന്ദിറിനു പുറത്ത് പ്രതിഷേധയോഗം നടത്തുന്നതിനിടെയാണ് യുവാവ് വെടിവച്ചത്. ചില വിഗ്രഹങ്ങൾ ഉടഞ്ഞനിലയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രതിഷേധം. 5 വെടിയേറ്റ സുരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനാവില്ല. സന്ദീപ് സിങ് എന്നയാളാണ് മറ്റു 3 പേർക്കൊപ്പം വാഹനത്തിലെത്തി വെടിവച്ചതെന്നും ഇവർ പിടിയിലായെന്നും പൊലീസ് പറഞ്ഞു.
രാഷ്ട്രീയചായ്വില്ലാത്ത സുധീർ സുരി ഖലിസ്ഥാൻ തീവ്രവാദികൾക്കെതിരെ നടത്തുന്ന പല പ്രസ്താവനകളും സമൂഹമാധ്യമ പോസ്റ്റുകളും വർഗീയ അസ്വാസ്ഥ്യമുണ്ടാക്കുന്നവയാണെന്ന് ആരോപണമുണ്ടായിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയതിന് 5 കേസുകൾ നിലവിലുണ്ട്. ചില സംഘടനകളുടെ ഹിറ്റ് ലിസ്റ്റിലായിരുന്നതിനാൽ സുരിക്ക് 20 പൊലീസുകാരുടെ സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
സുധീർ സുരിയെ വധിക്കാൻ പാക്ക് ചാര സംഘടനയായ ഐഎസ്ഐയുടെ നേതൃത്വത്തിൽ പദ്ധതി തയാറാക്കിയതിനെപ്പറ്റി 2 ദിവസം മുൻപ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പഞ്ചാബ് പൊലീസിന് സൂചന കൈമാറിയിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് പ്രതിഷേധത്തിന് പോയതെന്ന് പൊലീസ് കമ്മിഷണർ പരമീന്ദർ സിങ് ഭണ്ട പറഞ്ഞു.